വ്യാജ വിലാസത്തില്‍ വാഹന രജിസ്ട്രേഷന്: സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്താന്‍ അനുമതി
വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്.
നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റം ചുമത്താന്‍ അനുമതി. ക്രൈംബ്രാഞ്ച് മേധാവിയാണ് അനുമതി നല്‍കിയത്. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. മോട്ടോർവാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്.
രണ്ട് ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ പോയി രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 19.6 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചുവെന്നാണ് കേസ്. പോണ്ടിച്ചേരിയിലെ വിലാസം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ വിലാസം വ്യാജമാണെന്ന് കണ്ടെത്തി.
നേരത്തെ സമാനമായ കേസ് ഫഹദ് ഫാസിലിനും അമല പോളിനുമെതിരെ എടുത്തിരുന്നു. ദില്ലിയിലെ വാഹന ഡീലര്‍ വഴിയാണ് ഫഹദ് കാറുകള്‍ വാങ്ങിയത്. വാഹന രജിസ്ട്രേഷനും കാര്യങ്ങളും മറ്റു ചിലരാണ് നോക്കിയതെന്നും നികുതിയുമായി ബന്ധപ്പെട്ട അറിവില്ലായ്മ കൊണ്ടു സംഭവിച്ചതാണിതെന്നും ഫഹദ് പൊലീസിനോട് പറഞ്ഞു. ഫഹദിനെതിരായ കേസ് പിഴ അടച്ചതോടെ അവസാനിച്ചു. അമല പോളിനെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നും നടപടിയെടുക്കാൻ പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നൽകിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു.