LiveTV

Live

Kerala

വധശ്രമക്കേസിലെ പ്രതി എസ്.എഫ്.ഐ മാര്‍ച്ചില്‍ 

കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിന് വധശ്രമ കുറ്റം ചുമത്തി റിയാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

വധശ്രമക്കേസിലെ പ്രതി എസ്.എഫ്.ഐ മാര്‍ച്ചില്‍ 

ക്ലാസ് മുറികളുടെ ഗ്ലാസ്സുകൾ അടിച്ചുപൊട്ടിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്‌. അധ്യാപകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് 15 പേർക്കെതിരെ കേസെടുത്തത്. വധശ്രമക്കേസിലും പൊലീസുകാരെ ആക്രമിച്ച കേസിലും പ്രതിയായ എസ്.എഫ്.ഐ നേതാവ് ഇന്ന് നടന്ന സെക്രട്ടേറിയേറ്റ് മാർച്ചിലും പങ്കെടുത്തു.

ഇന്നലെ വൈകുന്നേരമാണ് കോളജിനകത്ത് എസ്.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തിയത്. കോളജ് അച്ചടക്കസമിതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരായ പരാതികൾ ഉന്നയിച്ച സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തലവൻ സോമശേഖരൻ, ഗണിതശാസ്ത്ര വിഭാഗത്തിലെ എസ് ബാബു എന്നിവരുടെ ഡിപ്പാർട്ട്മെൻറിലെ ജനൽച്ചില്ലുകൾ അടിച്ചു തകർക്കുകയും ബാബു എന്ന അധ്യാപകന്‍റെ ബൈക്കിലെ സീറ്റ് കുത്തി കീറുകയും ചെയ്തു എന്നാണ് പരാതി. അധ്യാപകർ പ്രിൻസിപ്പലിന് നൽകിയ പരാതി പ്രിൻസിപ്പൽ കണ്ടോൺമെൻറ് സ്റ്റേഷൻ കൈമാറുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചു എന്ന് വകുപ്പ് ചുമത്തിയാണ് ഹാഫിസ് ഖാൻ, അൻഷാദ്, കണ്ടാലറിയുന്ന മറ്റു 13 പേർ എന്നിവർക്കെതിരെ കന്‍റോൺമെൻറ് പൊലീസ് കേസെടുത്തത്.

അതിനിടെ ഇന്ന് എസ്.എഫ്.ഐ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ കെ.എസ്‌.യു പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മുൻനിരയിൽ തന്നെ പങ്കെടുത്തു. കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിന് വധശ്രമ കുറ്റം ചുമത്തി റിയാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പൊലീസ് ഇതുവരെ നൽകിയിരുന്ന വിശദീകരണം. ഇങ്ങനെ ഒരു വ്യക്തിയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ പൊലീസുകാരുടെ സാന്നിധ്യത്തിൽ മാർച്ചിൽ പങ്കെടുത്തത്.