LiveTV

Live

Kerala

വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ അനിശ്ചിതത്വം

ബഹിഷ്കരണം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍

വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ അനിശ്ചിതത്വം

മജിസ്ട്രേറ്റും അഭിഭാഷകരും തമ്മില്‍ വഞ്ചിയൂര്‍ കോടതിയില്‍ നിലനിന്ന തര്‍ക്കം പരിഹരിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നു. മജിസ്ട്രേറ്റ് ദീപ മോഹന്‍റെ കോടതി, അഭിഭാഷകര്‍ ഇനി ബഹിഷ്കരിക്കില്ലെന്നും പ്രശ്നം പരിഹരിച്ചെന്നും ജില്ലാജഡ്ജ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഇ ഷാനവാസ്ഖാന്‍ പറഞ്ഞു. എന്നാല്‍ ബഹിഷ്കരണം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ അറിയിച്ചു.

വ‍ഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റ് ദീപമോഹനും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ എത്തിയത്. ജില്ലാജഡ്ജുമായി ബാര്‍കൌണ്‍സില്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതായി ബാര്‍ കൌണ്‍സില്‍ ചെയര്‍മാന്‍ അവകാശവാദം ഉന്നയിച്ചു.

എന്നാല്‍ അഭിഭാഷകര്‍ക്കെതിരെ മജിസ്ട്രേറ്റ് പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ബഹിഷ്കരണം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നാളെ കൊച്ചിയില്‍ കൌണ്‍സില്‍ വിളിച്ച യോഗത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുമെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ പൊലീസ് എടുത്തത് കള്ളക്കേസ് ആണെന്നും അത് പിന്‍വലിക്കണമെന്നത് പ്രധാന ആവശ്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.