ഛത്തീസ്ഗഢിന് 85 ലക്ഷം, കേരളത്തിന് ഒന്നരക്കോടി; ഹെലികോപ്റ്റര്‍ ഇടപാടില്‍ സംസ്ഥാനത്തിന് അമിതചെലവ് 59 ലക്ഷം
കേരളത്തിനെക്കാളേറെ മാവോയിസ്റ്റ് ഭീഷണിയുള്ള ഛത്തീസ്ഗഢ് കേരളം നല്‍കുന്നതിന്റെ എത്രയോ കുറഞ്ഞ വാടക നല്‍കിയാണ് ഹെലികോപ്റ്റര്‍ വാങ്ങുന്നത്

കേരള സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത് അമിതവാടക നൽകിയാണെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്ത് .കേരളം ഒന്നരക്കോടിക്കെടുക്കുന്ന അതേ മോഡൽ ഹെലികോപ്ടർ ഛത്തീസ്ഗഡ് വാടകയ്ക്ക് എടുത്തത് എണ്‍പത്തിയഞ്ച് ലക്ഷം രൂപയ്ക്ക്. ചത്തീസ്ഗഡ് സര്‍ക്കാരിന് വിമാനക്കമ്പനി നല്കിയ വാടക ബില്ലിന്റെ പകര്‍പ്പ് മീഡിയ വണ്ണിന് ലഭിച്ചു. 11 പേര്‍ക്ക് ഇരിക്കാവുന്ന ഇരട്ട എഞ്ചിന്, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളുള്ള ഹെലികോട്പര്‍.
20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടക നല്കിയെടുക്കാനായിരിന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇതേ സൗകര്യങ്ങളെല്ലാമുള്ള ഹെലികോപ്ടര്‍ ഇതിലും കുറഞ്ഞ തുകയ്ക്കാണ് ഛത്തീസ്ഗഡ് പൊലീസ് ഉപയോഗിക്കുന്നതെന്ന രേഖകളാണ് പുറത്ത് വരുന്നത്. ഓഗസ്റ്റില്‍ 24 മണിക്കൂര്‍ പറപ്പിച്ചതിന് ഹൈദരാബാദ് കേന്ദ്രമായ വിംഗ്സ് ഏവിയേഷന്‍ ചത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കിയത് നികുതിയടക്കം എണ്‍പത്തിയഞ്ച് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണെന്ന് തെളിയിക്കുന്ന രേഖകളാണിത്. കേരളം കരാറൊപ്പിട്ടിരിക്കുന്ന ഡോഫിന്‍ എന്‍3 മോഡല്‍ ഹെലികോപ്ടര്‍ ഇരുപത് മണിക്കൂറിന് എഴുപത് ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് സര്‍ക്കാരിനോട് അറിയിച്ചിരുന്നതായും കമ്പനി വ്യക്തമാക്കുന്നുണ്ട്.
കേരളത്തിനേക്കാള്‍ മാവോയസിറ്റ് ബാധിത മേഖലയാണ് ചത്തീസ്ഗഡെന്നിരിക്കെ അതേ കാരണം പറഞ്ഞ് വാങ്ങുന്ന ഹെലികോപ്ടര്‍ ഇരട്ടി വാടക നല്കിയെടുക്കുന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പാക്കേജില്‍ ഉള്‍പ്പെടുത്താത്ത മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രയ്ക്കുള്ള പണവും കേരളം ഹെലികോപ്ടര്‍ കന്പനിക്ക് നല്‍കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്ന് വന്നിട്ടുണ്ട്.
അഞ്ച് പേർക്കിരിക്കാവുന്ന ഇരട്ട എഞ്ചിൻ കോപ്റ്റർ പ്രതിമാസം 30ലക്ഷം രൂപയ്ക് നൽകാമെന്ന് ബംഗളൂരു ആസ്ഥാനമായ ചിപ്സൺ ഏവിയേഷൻ സർക്കാറിന് അറിയിച്ചുവെന്ന വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരിന്നു. ഇതിനെയെല്ലാം മറികടന്നാണ് കൂടുതല്‍ തുക നല്കി സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്