LiveTV

Live

Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.എ.ജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തിനെതിരെ കിയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.എ.ജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.എ.ജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തിനെതിരെ കിയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ച് കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ സി.എ.ജിയുടെ ഓഡിറ്റ് അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട കഴിഞ്ഞ മാസം 25നാണ് കേന്ദ്ര കോർപറേറ്റ്കാര്യമന്ത്രാലയം കണ്ണൂര്‍ വിമാനത്താവള കമ്പനിക്ക് കത്തയച്ചത്. സി.എ.ജി ഓഡിറ്റ് നടത്തിയില്ലെങ്കില്‍ മന്ത്രിമാര്‍ അടക്കം കിയാല്‍ ഡയറക്ടര്‍ ബോര്‍ഡിലുള്ളവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് കിയാല്‍ ഹൈകോടതിയല്‍ ഹരജി നല്‍കിയത്. കണ്ണൂര്‍ വിമാനത്താവളം സ്വകാര്യമേഖലയിലാണ്. സര്‍ക്കാരിന് 35 ശതമാനം. ഓഹരികള്‍ മാത്രമേയുള്ളൂ. അതിനാല്‍ സിഎജി ഓഡിറ്റ് നടത്തേണ്ടതില്ലെന്നാണ് കിയാലിന്‍റെ വാദം. ഈ ഹരജി പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഹൈകോടതി സ്റ്റേ ചെയ്തത്. ഇത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന് ഹൈകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. സി.എ.ജി ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ടതിന്‍റെ നിയമപരമായ അടിസ്ഥാനം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. കിയാലിന് സി.എ.ജി ഓഡിറ്റിങ് നിഷേധിച്ചത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.