LiveTV

Live

Kerala

എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വിദ്യാര്‍ഥികളെ മാറ്റാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചു. ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിട്ടില്ല

എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വിദ്യാര്‍ഥികളെ മാറ്റാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

ഡോക്ടര്‍മാരും അടിസ്ഥാന സൌകര്യങ്ങളും ഇല്ലെന്ന് മെഡിക്കല്‍ കൌണ്‍സില്‍ വിദഗ്ദ സംഘം കണ്ടെത്തിയ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികളെ മാറ്റാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാല‍് ഉത്തരവായി ഇറങ്ങാത്തതിനാല്‍ ആരോഗ്യ വകുപ്പിനോ കോളജ് അധികൃതര്‍ക്കോ ഇത് സംബന്ധിച്ച വിവരം ലഭിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയുടെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

പഠനസൌകര്യമില്ലെന്ന വിദ്യാര്‍ഥിയുടെ പരാതിയും മെഡിക്കല്‍ കൌണ്‍സിലിന്റെ സംസ്ഥാന വിജിലന്‍സിന്റെ പരിശോധന റിപ്പോര്‍ട്ടും പരിഗണിച്ച ഹൈകോടതി വിദ്യാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മുന്നോടിയായി നവംബര്‍ 13ന് കേന്ദ്ര ആരോഗ്യമന്ത്രാലായം ബന്ധപ്പെട്ട കക്ഷികളുടെ യോഗം ഡല്‍ഹയില്‍ വിളിച്ചു ചേര്‍ത്തു. രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കുമെന്നും അറിയിച്ചു. നവംബര്‍ 27നും തീരുമാനം വരാത്ത സാഹചര്യത്തിലാണ് ഒരു വിദ്യാര്‍ഥി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഓണ്‍ലൈനായി പരാതി അയച്ചത്. അതിന് ലഭിച്ച മറുപടിയിലാണ് വിദ്യാര്‍ഥികളെ എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മാറ്റാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയതായി അറിയിച്ചത്.

അതേസമയം ഇത് സംബന്ധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കുകയോ സംസ്ഥാനത്തിനോ കോളജ് അധികൃതര്‍ക്കോ വിവരം കൈമാറുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ കോളജ് പ്രവര്‍ത്തനം പതിവ് പോലെ നടത്താനുള്ള ശ്രമത്തിലാണ് കോളജ് അധികൃതര്‍. നേരത്തെ പ്രഖ്യാപിച്ച പോലെ മൂന്നാം വര്‍ഷം മാതൃകാ പരീക്ഷ ഇന്ന് തുടങ്ങുകയും ചെയ്തു. കേന്ദ്ര ഉത്തരവ് ഇറങ്ങുന്നമുറക്ക് വിദ്യാര്‍ഥികളെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് അംഗീകാരമായിരിക്കുന്നത്. ഈ തീരുമാനം ഉത്തരവായിറങ്ങുകയും വിദ്യാര്‍ഥികളുടെ മാറ്റം പ്രാവര്‍ത്തികമാവുകയുമാണ് ഇനി വേണ്ടത്.