കോട്ടയത്ത് അധ്യാപകന് 16 വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസ്: പരാതി നല്കിയ വിദ്യാര്‍ഥികള്‍ക്ക് ഭീഷണി, 95 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചു
പ്രധാന അധ്യാപകനടക്കമുള്ള ചില അധ്യാപകര്‍ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. 95 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങി. പ്രതികരിച്ച രക്ഷിതാക്കള്‍ക്കും ഭീഷണി കത്തുകള്‍ ലഭിച്ചു.
കോട്ടയത്ത് സ്കൂളില്‍ അധ്യാപകൻ 16 വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. പരാതി നല്കിയ വിദ്യാര്‍ഥികളെ പ്രധാന അധ്യാപകനടക്കമുള്ള ചില അധ്യാപകര്‍ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. ഇതേ തുടര്‍ന്ന് 95 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങി. പ്രതികരണം നടത്തിയ രക്ഷിതാക്കള്‍ക്കും ഭീഷണി കത്തുകള്‍ ലഭിച്ചു.
ഒക്ടോബര്‍ 16ആം തിയ്യതിയാണ് സ്കൂളിലെ സംഗീത അധ്യാപകനായ നരേന്ദ്രബാബു ലൈംഗികചൂഷണം നടത്തുന്നതായി വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിക്കുന്നത്. സ്റ്റുഡന്റ്സ് കൌണ്സിലറോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയെടുക്കാനോ പരാതി പൊലീസിന് കൈമാറാനോ ഇവര്‍ തയ്യാറായില്ല. പരാതി ഒതുക്കി തീര്‍ക്കാനാണ് പ്രധാന അധ്യാപകന് അടക്കമുള്ള ചില അധ്യാപകര്‍ ശ്രമിച്ചത്. എന്നാല്‍ രക്ഷിതാക്കള്‍ ഇടപ്പെട്ടതോടെ കഴിഞ്ഞ മാസം 29ന് പൊലീസ് കേസ് എടുത്തു. തുടര്‍ന്ന് ഈ അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ പിന്നീട് പരാതി നല്കിയ വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും പറയുന്നത്. അറസ്റ്റിലായ അധ്യാപകനെ പിന്തുണക്കുന്ന അധ്യാപകര്‍ വിദ്യാര്‍ഥികളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തില്‍ 95 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങി. ഇതിന് പിന്നാലെ പ്രതികരണം നടത്തിയ മാതാപിതാക്കള്‍ക്കും ഭീഷണിക്കത്തുകള്‍ എത്തി.
കേസ് മൂടിവെക്കാന്‍ ശ്രമിച്ച അധ്യാപകര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്കൂളിന്റെ ചെയര്മാന് കൂടിയായ ജില്ലാ കലക്ടറെ മാതാപിതാക്കള്‍ സമീപിച്ചു. പക്ഷേ ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. വിദ്യാഭ്യാസ വകുപ്പിലും പട്ടിജാതി, പട്ടിക വര്‍ഗ വകുപ്പിലും പരാതി നല്‍കിയിട്ടും അധ്യാപകനെ മാറ്റാന്‍ ആരും തയ്യാറായിട്ടില്ല. പ്രതിയായ അധ്യാപകനെ സംരക്ഷിക്കുന്ന അധ്യാപകരെ സ്ഥലം മാറ്റിയാല്‍ മാത്രമേ തിരിച്ച് പഠിക്കാനെത്തൂ എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.