LiveTV

Live

Kerala

സ്കൂളിലെ അഭ്യാസപ്രകടനം; നിയമ ലംഘനങ്ങളെ ന്യായീകരിച്ചും മാധ്യമങ്ങളെ വെല്ലുവിളിച്ചും ബസ് ഉടമകള്‍

അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അഭ്യാസപ്രകടനത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നാണ് ന്യായീകരണം.

സ്കൂളിലെ അഭ്യാസപ്രകടനം; നിയമ ലംഘനങ്ങളെ ന്യായീകരിച്ചും മാധ്യമങ്ങളെ വെല്ലുവിളിച്ചും ബസ് ഉടമകള്‍

കൊല്ലം അഞ്ചൽ ഈസ്റ്റ് സ്‌കൂളിലെ അഭ്യാസ പ്രകടനത്തിൽ നിയമ ലംഘനങ്ങളെ ന്യായീകരിച്ചും മാധ്യമങ്ങളെ വെല്ലുവിളിച്ചും ബസ് ഉടമകൾ. വിനോദയാത്രക്ക് കുട്ടികൾ ബസ് വിളിക്കണമെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടി വരും. അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർമാർ തന്നെ തുടർന്നും വാഹനമോടിക്കുമെന്ന് ബസുടമകളായ ലൂമിയർ ട്രാവൽ ഹബ് ഫേസ്ബുക്ക് പോസ്റ്റിൽ വെല്ലുവിളിച്ചു. അതേസമയം നിയമലംഘനങ്ങൾ കണ്ടെത്തിയ ടൂറിസ്റ്റ് വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി തുടരുകയാണ്.

വിനോദയാത്രക്ക് മുമ്പ് അഞ്ചൽ ഈസ്റ്റ് സ്‌കൂളിന്റെ മൈതാനത്ത് കുട്ടികളെ നിർത്തി ചുറ്റിനും അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയതിനെയാണ് ബസുടമകൾ ന്യായീകരിക്കുന്നത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അഭ്യാസപ്രകടനത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നാണ് ന്യായീകരണം.

പിന്‍സീറ്റില്‍ ഇരിക്കുന്നവർക്കും ഇന്ന് മുതൽ ഹെൽമെറ്റ് നിർബന്ധം
Also Read

പിന്‍സീറ്റില്‍ ഇരിക്കുന്നവർക്കും ഇന്ന് മുതൽ ഹെൽമെറ്റ് നിർബന്ധം

മാധ്യമങ്ങളിൽ കാണിച്ച ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതെന്നാരോപിച്ച ബസുടമകൾ ഓലപ്പാമ്പ് കാട്ടിയാൽ ഭയക്കില്ലെന്നും മാധ്യമങ്ങളെയും മോട്ടോർ വാഹന വകുപ്പിനെയും വെല്ലുവിളിച്ചു. അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. എന്നാൽ ഇവർ തന്നെയാകും ഇനിയും ബസുകളുടെ ഡ്രൈവർമാരെന്നും ലൂമിയർ ട്രാവൽ ഹബ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ലൂമിയർ ട്രാവൽ ഹബ്ബിന്റെ തെക്കിലെ തേവർ, ആണൊരുത്തൻ എന്നീ പേരുകളിലുള്ള ബസുകളായിരുന്നു അഞ്ചൽ സ്‌കൂളിൽ അപകടകരമായ അഭ്യാസപ്രകടനം നടത്തിയത്. ഈ രണ്ട് വാഹനങ്ങളുടെയും ഫിറ്റ്നസ് റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് രൂപമാറ്റം വരുത്തിയത്തിന് പിഴയും ഈടാക്കി. നിയമവിരുദ്ധമായി ഘടിപ്പിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ അഴിച്ചുമാറ്റി പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചതിലും മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.

ഇതിന് പിന്നാലെയാണ് ലൂമിയർ ട്രാവൽ ഹബ് വെല്ലുവിളിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ കൊല്ലം ജില്ലയിൽ മാത്രം 55 ബസുകൾക്കാണ് വകുപ്പ് പിഴയിട്ടത്.