LiveTV

Live

Kerala

തൃശൂരിൽ ശനിയാഴ്ച പുലർച്ചെ രണ്ടിടങ്ങളിൽ വാഹനാപകടം; 4 മരണം

കോയമ്പത്തൂരിൽ നിന്ന്​ ദക്ഷിണ മേഖല റോട്ടറി ക്ലബിൻെറ മീറ്റിങ്​ കഴിഞ്ഞ്​ വരുന്നതിനിടെ കാർ ദേശീയപാതയോട്​ ചേർന്ന കുളത്തിലേക്ക്​ മറിയുകയായിരുന്നു

തൃശൂരിൽ ശനിയാഴ്ച പുലർച്ചെ രണ്ടിടങ്ങളിൽ വാഹനാപകടം; 4  മരണം

തൃശൂരിൽ രണ്ടിടങ്ങളിൽ ശനിയാഴ്​ച പുലർച്ചെയുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. ഒരാളെ കാണാതായി. തൃശൂർ വാണിയംപാറയിൽ കാർ നിയന്ത്രണം വിട്ട്​ കുളത്തിലേക്ക്​ മറിഞ്ഞ്​ ​വൈറ്റില സ്വദേശിനി ഷീല (50), ഭര്‍ത്താവ് ബെന്നി ജോര്‍ജ് (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു അപകടം.

ദേശീയ പാതയോട് ചേര്‍ന്ന കുളത്തിലേക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വീണത്. വാഹനമോടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ശശി കര്‍ത്ത അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. ഷീലയുടെ മൃതദേഹം കാറിലുണ്ടായിരുന്നു. രാവിലെ ആറരയോടെയാണ് ബെന്നി ജോര്‍ജിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയത്. പാലക്കാടു നിന്നുള്ള സ്‌കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുന്നിലുണ്ടായിരുന്ന ലോറി പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്ന് അറിയുന്നു.

പെരിഞ്ഞനത്ത്​ സ്​കൂട്ടറിൽ അജ്​ഞാത വാഹനമിടിച്ച്​ രണ്ടുപേർ മരിച്ചു. ആലുവ സ്വദേശികളായ ശ്രീമോൻ (15), ദിൽജിത്ത്​ (20) എന്നിവരാണ്​ മരിച്ചത്​. പുലർച്ചെ 2.40ന്​ ദേശീയപാതയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൊടുങ്ങല്ലൂർ താലൂക്ക്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.