LiveTV

Live

Kerala

കഞ്ചാവ് പുകഞ്ഞ കെട്ടിടത്തെ വിദ്യാലയമാക്കി മാറ്റിയവര്‍... 

ഒരു എക്സൈസ് ഓപ്പറേഷന്‍റെ കഥ...

കഞ്ചാവ് പുകഞ്ഞ കെട്ടിടത്തെ വിദ്യാലയമാക്കി മാറ്റിയവര്‍... 

പ്രശ്നബാധിതമായിരുന്ന ഒരു സ്കൂള്‍ സംസ്ഥാന എക്സൈസ്  നന്നാക്കിയ കഥയാണിത്. സംസ്ഥാന എക്സൈസ് കമ്മീഷണറും തിരുവനന്തപുരത്തെ ഒരു കൂട്ടം എക്സൈസ് ഉദ്യോഗസ്ഥരുമാണ് ഈ കഥയിലെ നായകന്‍മാര്‍. നല്ല പാഠ്യനിലവാരവും നല്ല റിസല്‍റ്റും ലഭിച്ചിരുന്ന തലസ്ഥാനത്തെ ഒരു സ്കൂളില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതോടെയാണ് ഈ കഥയുടെ ആരംഭം. ഹാക്സോബ്ലേഡ് ഉപയോഗിച്ചായിരുന്നു അക്രമം. പെണ്‍കുട്ടിയുടെ ശരീരം വരഞ്ഞ് മുറിച്ചു. അക്രമിയാകട്ടെ പെണ്‍കുട്ടിയുടെ സഹപാഠിയായ 19 വയസുകാരനും.

കഞ്ചാവ് പുകഞ്ഞ കെട്ടിടത്തെ വിദ്യാലയമാക്കി മാറ്റിയവര്‍... 

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പഠനം തന്നെ അവസാനിപ്പിച്ചു. മാത്രമല്ല ഭയം മൂലം തലസ്ഥാന നഗരത്തില്‍ നിന്ന് തന്നെ താമസം മാറ്റുകയും ചെയ്തു.   തിരികെ എത്തിക്കാന്‍ അധ്യാപകര്‍ പല വഴികളില്‍ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. കുട്ടി എന്തിന് ഇത്രയും ഭയക്കുന്നെന്നായിരുന്നു അധ്യാപകരുടെ പ്രധാന സംശയം. അവരുടെ ആ സംശയം ചെന്നു നിന്നത് സ്കൂളിനെ പിടിമുറുക്കി കൊണ്ടിരിക്കുന്ന കഞ്ചാവ് മാഫിയാ സംഘങ്ങളിലേക്കായിരുന്നു. അക്രമി അടക്കം നിരവധി കുട്ടികള്‍ സ്കൂളില്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. സ്വബോധത്തിലല്ല പെണ്‍കുട്ടിയെ അക്രമി ഉപദ്രവിച്ചത്. ഗൌരവമുള്ള ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍  പെണ്‍കുട്ടിയെ ആക്രമിച്ച പരാതി പൊലീസിന് സ്കൂള്‍ കൈമാറി.

പൊലീസില്‍ പരാതിപ്പെട്ട രണ്ടാമത്തെ ദിവസം  പ്രിന്‍സിപ്പാളിനെതിരെ ഭീഷണിയുമായി ഒരു സംഘം സ്കൂളിലെത്തി. പിന്നീട് ഭീഷണി പതിവായി. ഒടുവില്‍ അദ്ദേഹത്തെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ സ്കൂളിനുള്ളില്‍ മര്‍ദ്ദിച്ചു. ഇവിടെ നിന്നാണ് വിവരം എക്സൈസ് തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസിലേക്ക് വരുന്നത്. എക്സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍റെ നിര്‍ദ്ദേശ പ്രകാരം സ്കൂളിനെ ലഹരി മാഫിയാ സംഘങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ പദ്ധതിയുണ്ടാക്കി. സ്കൂളില്‍ പരിശോധന നടത്താന്‍ എക്സൈസ് തീരുമാനിച്ചു.

കഞ്ചാവ് പുകഞ്ഞ കെട്ടിടത്തെ വിദ്യാലയമാക്കി മാറ്റിയവര്‍... 

സ്കൂളില്‍ റെയിഡ് നടത്തണമെങ്കില്‍ അതിന് സ്കൂളിന്‍റെ തന്നെ അനുമതി വേണമായിരുന്നു. ഈ അനുമതി ചോദിച്ചതിന് പിന്നാലെ റെയ്ഡ് വിവരം വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന് കിട്ടി. എക്സൈസ് എത്തുമുമ്പേ കഞ്ചാവടക്കം പലതും തിരക്കിട്ട് ഒളിപ്പിക്കപ്പെട്ടു. "അവര്‍ അവരെ തന്നെ ചതിച്ചു" റെയിഡിനെത്തിയ ഒരു ഉദ്യോഗസ്ഥന്‍റെ വാക്കുകള്‍ ഇതായിരുന്നു. എങ്കിലും പിന്‍മാറാന്‍ എക്സൈസ് സംഘം തയ്യാറായില്ല. മൂത്രപ്പുരകള്‍ അടക്കം അരിച്ച് പെറുക്കിയതോടെ ഒളിപ്പിക്കാന്‍ വിട്ടു പോയ കഞ്ചാവ്, ഹാന്‍സ്, കൂള്‍ എന്നിവ പിടിച്ചെടുക്കപ്പെട്ടു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാകാതെ ക്ളാസില്‍ കഞ്ചാവ് ലഹരിയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികളെയും എക്സൈസ് സംഘം കണ്ടു. ഇവര്‍ക്ക് എക്സൈസ് കൌണ്‍സിലിംഗ് ആരംഭിച്ചു.

പഠനം നിര്‍ത്തിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്തുക എന്നതായിരുന്നു എക്സൈസ് സംഘത്തിന്‍റെ അടുത്ത ജോലി. കുട്ടിയുടെ ബന്ധുവഴി എക്സൈസ് സംഘം കുട്ടിയോട് സംസാരിച്ചു. പിന്നീട് പെണ്‍കുട്ടിക്കും കൌണ്‍സിലിംഗ് നല്‍കി. എക്സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ധൈര്യത്തില്‍ കുട്ടി പഠനത്തിന് തിരികെയെത്തി. അവിടെയും ദൌത്യം അവസാനിച്ചില്ല. മഫ്തിയില്‍ ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സ്കൂളിന് കാവല്‍ നിന്നു. ലഹരി എത്തിച്ച് നല്‍കുന്നവരെ ഓരോരുത്തരെയായി പിടികൂടി. ഇന്ന് എക്സൈസിന്‍റെ പൂര്‍ണ നിരീക്ഷത്തിലാണ് സ്കൂള്‍. വട്ടമിട്ട് പറക്കാന്‍  ലഹരിയുടെ പരുന്തുകള്‍ക്കാവില്ല എന്ന് അര്‍ത്ഥം.

ഒരു പറ്റം ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥയും അര്‍പ്പണബോധവും അങ്ങനെ ഒരു കൂട്ടം കുഞ്ഞുങ്ങളെ രക്ഷിച്ചു. എക്സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍, തിരുവനന്തപുരം ഡി.സി.പി ഉബൈദ്, ഇന്‍സ്പെക്ടര്‍മാരായ അനില്‍കുമാര്‍, കൃഷ്ണകുമാര്‍, മുകേഷ്കുമാര്‍, പ്രദീപ് റാവു, പ്രിവന്‍റീവ് ഓഫീസര്‍ ദീപു കുട്ടന്‍, സുരേഷ് ബാബു, സുബിന്‍, രാജേഷ്, ജസീം, ഷംനാദ്, എബിന്‍ എന്നിവരാണ് ആ ഉദ്യോഗസ്ഥര്‍. ഇക്കഴിഞ്ഞ ദിവസം സ്കൂള്‍ പി.ടി എ ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്തു.