LiveTV

Live

Kerala

സ്കൂള്‍ വളപ്പിനുള്ളിലെ വാഹനാഭ്യാസ പ്രകടനം; കാര്‍ ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാറോടിച്ചത് വിദ്യാര്‍ത്ഥികളാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സ്കൂള്‍ വളപ്പിനുള്ളിലെ വാഹനാഭ്യാസ പ്രകടനം;  കാര്‍ ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലെ വാഹനങ്ങളുടെ അഭ്യാസപ്രകടനത്തില്‍ കൂടുതല്‍ നടപടികളുമായി പൊലീസ്. സ്കൂള്‍ മൈതാനത്ത് അപകടകരമായ രീതിയില്‍ ഓടിച്ച കാറിന്റെ ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു. കാറോടിച്ചത് വിദ്യാര്‍ത്ഥികളാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അഞ്ചല്‍ സ്കൂളില്‍ അഭ്യാസപ്രകടനം നടത്തിയ വാഹനം വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷം പൊലീസ് കസ്റ്റഡിയിലെടുക്കും.

കഴിഞ്ഞ 24ാം തിയതി വിനോദയാത്രക്ക് പുറപ്പെടുന്നതിന് മുന്‍പായിരുന്നു വിദ്യാധിരാജ സ്കൂള്‍ മൈതാനത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ച് അഭ്യാസപ്രകടനം നടത്തിയത്. ടൂറിസ്റ്റ് ബസിനൊപ്പം കാറും ബൈക്കുകളും ഈ അഭ്യാസപ്രകടനത്തില്‍ ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവറുടെ അറസ്റ്റും രേഖപ്പെടുത്തി.

ഇതിനു പിന്നാലെ അഭ്യാസപ്രകടനം നടത്തിയ കാറിന്റെ ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. നടുവത്തൂര്‍ സ്വദേശി അഭിഷന്തിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. ഈ വാഹനം ഓടിച്ചത് സ്കൂളിലെ വിദ്യാര്‍ത്ഥിയാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവക്കൊപ്പമുണ്ടായിരുന്ന ഇരുചക്രവാഹനങ്ങള്‍ ഓടിച്ചത് വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം. അതേസമയം അ‍ഞ്ചല്‍ സ്കൂളില്‍ നിന്നും വിനോദയാത്രക്ക് പോയ വാഹനം നാളെ രാവിലെയാണ് തിരിച്ചെത്തുക. ഇത് എത്തിയശേഷം വാഹനത്തിനെതിരെയും ഡ്രൈവര്‍ക്കെതിരെയും പൊലീസും മോട്ടോര്‍വാഹന വകുപ്പും നടപടികള്‍ സ്വീകരിക്കും.