ഇനി വേണ്ട ആ ക്ലാസ് മുറികള്‍; ബത്തേരി സർവജന സ്കൂളിന് പുതിയ കെട്ടിടം
രണ്ടു നിലകളിലായി 10 ക്ലാസ് മുറികളും 20 ശുചി മുറികളും ഉൾകൊള്ളുന്നതായിരിക്കും പുതിയ കെട്ടിടം.

വിദ്യാർഥിനിക്ക് പാമ്പു കടിയേറ്റ വയനാട് ബത്തേരി സർവജന സ്കൂൾ കെട്ടിടത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. സുൽത്താൻ ബത്തേരി നഗരസഭക്കാണ് നിർമ്മാണ ചുമതല. വൈകാതെ പഴയ കെട്ടിടം പൊളിച്ചു നീക്കും.
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിൻ മരിച്ച് കൃത്യം ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിക്കുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവായി. സുൽത്താൻ ബത്തേരി നഗര സഭക്കാണ് നിർമാണ ചുമതല. രണ്ടു നിലകളിലായി 10 ക്ലാസ് മുറികളും 20 ശുചി മുറികളും ഉൾകൊള്ളുന്നതായിരിക്കും പുതിയ കെട്ടിടം.
കഴിഞ്ഞ ശനിയാഴ്ച്ച മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഷഹലയുടെ വീട്
സന്ദർശിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ സർവ്വജന സ്കൂളിന് നൽകുമെന്ന് അറിയിച്ചിരുന്നു. കിഫ്ബി മുഖേന ഒരു കോടി രൂപ നേരത്തയും സ്കൂളിന് അനുവദിച്ചിരുന്നു. കുട്ടിക്ക് പാമ്പു കടിയേൽക്കാനിടയായ ക്ലാസ് ഉൾപ്പെടുന്ന പഴയ യു.പി. കെട്ടിടവും, തൊട്ടടുത്ത വിള്ളലുകൾ രൂപപ്പെട്ട സ്റ്റേജും വൈകാതെ പൊളിച്ചു നീക്കും.
30 വർഷത്തിലധികം പഴക്കമുള്ള ഉള്ള ഈ കെട്ടിടത്തിന്റെ തറയിൽ രൂപപ്പെട്ട മാളത്തിൽ നിന്നാണ് ഷഹല ഷെറിന് പാമ്പുകടിയേറ്റത്. സ്കുൾ കെട്ടിടങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ച തുകയിൽ നിന്നാണ്
വിദ്യാഭ്യാസ വകുപ്പ് പുതിയ കെട്ടിടം നിർമിക്കുക.