LiveTV

Live

Kerala

അഞ്ചല്‍ സ്കൂളില്‍ നിന്ന് ടൂര്‍ പോയ ബസ് തമിഴ്നാട്ടിലും അഭ്യാസ പ്രകടനം നടത്തി; ബസ് കസ്റ്റഡിയില്‍

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി അഭ്യാസം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു

 അഞ്ചല്‍ സ്കൂളില്‍ നിന്ന് ടൂര്‍ പോയ ബസ് തമിഴ്നാട്ടിലും അഭ്യാസ പ്രകടനം നടത്തി; ബസ് കസ്റ്റഡിയില്‍

കൊല്ലം അഞ്ചല്‍ സ്കൂളില്‍ നിന്ന് ടൂര്‍ പോയ ബസ് തമിഴ്നാട്ടിലും അഭ്യാസ പ്രകടനം നടത്തി. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി അഭ്യാസം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നേരത്തെ കൊല്ലം വെണ്ടാർ സ്‌കൂളിൽ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിൽ എടുത്തു.

കൊല്ലം വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലും അഞ്ചല്‍ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തുമായിരുന്നു വാഹനങ്ങളുടെ അപകടകരമായ അഭ്യാസപ്രകടനം. വിനോദയാത്രക്കെത്തിച്ച വാഹനത്തിലായിരുന്നു അഭ്യാസപ്രകടനം നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍വാഹനവകുപ്പ് ഇന്നലെത്തന്നെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു.

ടൂറിസ്റ്റ് ബസുകളുടെ ഉടമകള്‍ക്കും വാഹനം ഓടിച്ചവര്‍ക്കും വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദ്യാധിരാജ സ്കൂളില്‍ നിന്നും വിനോദയാത്രക്ക് പോയ വാഹനം ഇന്ന് തിരിച്ചെത്തുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുക്കും. ഇത് സ്കൂളില്‍ അപകടകരമായി ഓടിച്ച ഡ്രൈവറുടെ ലൈസന്‍സും റദ്ദു ചെയ്യും. മറ്റു വാഹനങ്ങള്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുറക്കായിരിക്കും നടപടി.

അതേസമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്നാകും ഇത് നടപ്പിലാക്കുക. ഈ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസുകളിലെ പരിശോധനയും ശക്തമാക്കും. ബസുകളില്‍ ശബ്ദസംവിധാനവും ലേസര്‍ലൈറ്റും നിയമവിരുദ്ധമായി ഘടിപ്പിക്കുന്നുണ്ട്. സ്കൂളുകളിലെയും കോളജുകളിലെയും വിനോദയാത്രാ സമയങ്ങളില്‍ ഇത്തരം പരിശോധനകള്‍ ശക്തമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.