LiveTV

Live

Kerala

ടി.ജി മോഹന്‍ദാസിനെതിരെ ഹാര്‍വാഡ‍് മോഡല്‍ ബഹിഷ്കരണവുമായി വിദ്യാര്‍ഥികള്‍

മതേതരത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ആര്‍.എസ്.എസ് പ്രചാരകനെ തന്നെ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ വിദ്യാര്‍ഥികള്‍ നേരത്തേത്തന്നെ അധികൃതരെ പ്രതിഷേധം അറിയിച്ചിരുന്നു. 

ടി.ജി മോഹന്‍ദാസിനെതിരെ ഹാര്‍വാഡ‍് മോഡല്‍ ബഹിഷ്കരണവുമായി വിദ്യാര്‍ഥികള്‍

ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹന്‍ദാസിനെ ബഹിഷ്‌കരിച്ച് കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടി.ജി മോഹന്‍ദാസ്. പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനായിരുന്നു ടി.ജി മോഹന്‍ദാസിനെ ക്ഷണിച്ചത്. മതേതരത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന ആര്‍.എസ്.എസ് പ്രചാരകനെ തന്നെ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചതില്‍ വിദ്യാര്‍ഥികള്‍ നേരത്തേത്തന്നെ അധികൃതരെ പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാല്‍, വിദ്യാര്‍ഥികളുടെ പ്രതിഷേധം അവഗണിച്ച സര്‍വകലാശാല അധികൃതര്‍ പരിപാടിയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ മോഹന്‍ദാസിനെ ബഹിഷ്‌കരിച്ചത്. മോഹന്‍ദാസ് പ്രസംഗത്തിന് വേണ്ടി എഴുന്നേറ്റപ്പോള്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചും സെമിനാര്‍ ഹാളില്‍നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് മോഹന്‍ദാസ് പ്രബന്ധാവതരണം നടത്തിയെങ്കിലും ശേഷം നടന്ന ചര്‍ച്ചയില്‍ ഭരണഘടനയില്‍നിന്ന് ‘മതേതരത്വം’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന മോഹന്‍ദാസിന്റെ വാദത്തെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ടി.ജി മോഹന്‍ദാസിനെ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ച സര്‍വകലാശാല അധികൃതരുടെ നടപടിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍ഗോഡ്‌ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അടുത്തിടെ അമേരിക്കയിലെ ഹാര്‍വാഡ‍് സര്‍വകലാശാലയില്‍ പ്രഭാഷണത്തിന് എത്തിയ ഇസ്രയേല്‍ സ്ഥാനപതി ഡാനി ഡയേലിന്റെ പ്രസംഗം വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതേ മാതൃകയിലായിരുന്നു കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ടി.ജി മോഹന്‍ദാസിന്റെ പ്രസംഗവും ബഹിഷ്‌കരിച്ചത്.