LiveTV

Live

Kerala

സ്കൂള്‍ കുട്ടികള്‍ക്കായി എത്തിച്ച കടലയില്‍ പൊടി അടങ്ങിയ പൊതി കണ്ടെത്തി

കണ്ടെത്തിയത് വിഷ വസ്തുവല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

സ്കൂള്‍ കുട്ടികള്‍ക്കായി എത്തിച്ച കടലയില്‍ പൊടി അടങ്ങിയ പൊതി കണ്ടെത്തി

കോഴിക്കോട് വാണിമേൽ എം.യൂ.പി സ്കൂളിൽ കുട്ടികൾക്ക് കൊടുക്കാൻ വെച്ച കടലയിൽ പൊടി അടങ്ങിയ പൊതി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സാമൂഹ്യ വിരുദ്ധരാകാം സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ പൊടി വിഷ വസ്തുവല്ലെന്നു മനസിലായതായാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

വാണിമേൽ എം.യൂ.പി സ്കൂളിലെ കുട്ടികൾക്കു ഭക്ഷണത്തോടൊപ്പം നൽകുന്നതിനായി കുതിരാൻ വെള്ളത്തിലിട്ട കടലക്കൊപ്പമാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ ചാര നിറത്തിലുള്ള പൊതി കണ്ടെത്തിയത്. അടുക്കളയോട് ചേർന്നുള്ള മുറിയിലായിരുന്നു ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചത്. ജീവനക്കാർ പൊതി കണ്ടെത്തിയ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. എ.ഇ.ഓ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

കണ്ടെത്തിയത് വിഷ വസ്തുവല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. പോലീസ് സമീപവാസികളിൽ നിന്നും മൊഴിയെടുത്തു. ആശങ്ക അകറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് അധ്യാപകരും ആവശ്യപെടുന്നു.