LiveTV

Live

Kerala

അമ്മയെയും മക്കളെയും വീടിനകത്ത് പൂട്ടിയിട്ട് ബാങ്കിന്റെ ജപ്തി നടപടി; യൂക്കോ ബാങ്കിനെതിരെ പ്രതിഷേധം ശക്തം

നടപടിയില്‍ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികള്‍ ഇന്ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും

 അമ്മയെയും മക്കളെയും വീടിനകത്ത് പൂട്ടിയിട്ട് ബാങ്കിന്റെ ജപ്തി നടപടി; യൂക്കോ ബാങ്കിനെതിരെ പ്രതിഷേധം ശക്തം

കൊല്ലം പൂയപ്പള്ളിയില്‍ കശുവണ്ടി വ്യവസായിയുടെ വീട് ജപ്തി ചെയ്തതില്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. അമ്മയെയും മക്കളെയും വീടിനകത്ത് പൂട്ടിയിട്ടായിരുന്നു യൂക്കോബാങ്ക് വീടും സ്ഥലവും ജപ്തി ചെയ്തത്. നടപടിയില്‍ പ്രതിഷേധിച്ച് കശുവണ്ടി വ്യവസായികള്‍ ഇന്ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും.

പൂയപ്പള്ളി സ്വദേശി ഷൈന്റെ ഭാര്യയെയും രണ്ടുമക്കളെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടശേഷമായിരുന്നു യൂക്കോ ബാങ്കിന്റെ ജപ്തി നടപടി. വീട്ടിനുള്ളില്‍ ആളുണ്ടോയെന്ന് പരിശോധിക്കാതെ യാതൊരു മുന്നറിയിപ്പും കൂടാതെ ബാങ്ക് നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. കശുവണ്ടി വ്യവസായത്തിനായി ഷൈനും സുഹൃത്ത് സുനിലാലും വായ്പയെടുത്ത ഒന്നരക്കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നാണ് ഈട് വെച്ചിരുന്ന വീടും സ്ഥലവും ജപ്തി ചെയ്തത്.

നഷ്ടത്തിലായ കശുവണ്ടി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്‍പ്പെടെ ശ്രമങ്ങള്‍ നടക്കുന്ന സമയത്തെ ബാങ്കിന്റെ ജപ്തി നടപടിയില്‍ ശക്തമായി പ്രതിഷേധിക്കാനാണ് കശുവണ്ടി വ്യവസായികളുടെ തീരുമാനം.

സര്‍ക്കാര്‍ ഇടപെട്ട് വായ്പാ കുടിശ്ശികയിലും പുതിയ വായ്പയിലും തീരുമാനമായിരുന്നെങ്കിലും സംസ്ഥാന ബാങ്കേഴ്സ് സമിതി നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെന്ന് വ്യവസായികള്‍ നേരത്തെ ആരോപിച്ചിരുന്നു. ഡിസംബര്‍ മൂന്നാംതിയതി ബാങ്കേഴ്സ് സമിതി ഓഫീസ് വള‍ഞ്ഞുള്ള സമരം പ്രഖ്യാപിച്ചിരിക്കെയാണ് യൂക്കോ ബാങ്കിന്റെ ജപ്തി നടപടി. ഈ സാഹചര്യത്തില്‍ ഫാക്ടറികള്‍ അടച്ചുള്ള സമരത്തിലേക്കു തന്നെ നീങ്ങാനാണ് കശുവണ്ടി വ്യവസായികളുടെ തീരുമാനം.