LiveTV

Live

Kerala

വാഹന പരിശോധനക്കിടെ ബെെക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞ് വീഴ്ത്തി പൊലീസ്

തലയ്ക്കു പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വാഹന പരിശോധനക്കിടെ ബെെക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞ് വീഴ്ത്തി പൊലീസ്

കൊല്ലം കടക്കലിൽ ഹെൽമെറ്റ് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞുവീഴ്‌ത്തി. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുഭാഗം സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ ലാത്തിയെറിഞ്ഞ സിവിൽ പോലീസ് ഓഫീസറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി.

കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടിൽ വെച്ച് ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ വന്ന സിദ്ദിഖ് പോലീസ് ഉദ്യോഗസ്ഥൻ കൈകാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് സിവിൽ പോലീസ് ഓഫീസർ ചന്ദ്രമോഹൻ കയ്യിലിരുന്ന ലാത്തികൊണ്ട് സിദ്ദിഖിനെ എറിഞ്ഞ് വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പാരിപ്പള്ളി-മടത്തറ റോഡ് ഒന്നരമണിക്കൂറോളം ഉപരോധിച്ചു. ഇതിനുപിന്നാലെയാണ് ആരോപണ വിധേയർക്കെതിരെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്.

കടക്കലിലെ പോലീസ് നടപടി അപരിഷ്‌കൃതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയോടും കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. പുനലൂർ, കൊല്ലം സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിമാർ സംഭവം അന്വേഷിക്കുമെന്ന് എസ്.പി ഹരിശങ്കർ പറഞ്ഞു.