ഒടുവില്‍ സഫലം; നവജാത ശിശുവിന്റെ ഓപ്പറേഷന് വിജയകരമായി പൂര്‍ത്തിയായി
രക്തത്തിലെ അണുബാധ നിയന്ത്രണ വിധേയമാക്കിയതിന് ശേഷമാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തിയത്.

അപൂർവ്വ രോഗം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. നെഞ്ചിനകത്തെ നീര്ക്കെട്ടോടു കൂടിയ മുഴകള്‍ നീക്കം ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിനെ മുലയൂട്ടാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.
രക്തത്തിലെ അണുബാധ നിയന്ത്രണ വിധേയമാക്കിയതിന് ശേഷമാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തിയത്. നേരത്തേ എം.ആര്.ഐ സ്കാനിങ്ങിലൂടെ കുഞ്ഞിന്റെ നെഞ്ചിന്റെ വലതു വശത്തായി നീര്‍ക്കെട്ടോടുകൂടിയ നിരവധി മുഴകള്‍ കണ്ടെത്തിയരുന്നു. ഇതാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. മൂന്ന് ദിവസം കുഞ്ഞ് വെന്റിലേറ്ററില്‍ തുടരും. അതുകഴിഞ്ഞ് കുഞ്ഞിനെ അമ്മയ്ക്ക് മുലയൂട്ടാനാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നവംബര്‍ 22നാണ് കൈയ് ലോതെറാക്സ് എന്ന അപൂർവ്വ രോഗവുമായി പാലക്കാട് സ്വദേശികളായ സനൂപിന്റെയും ഷംസിയുടെയും മകന് മുഹമ്മദ് ഷിഹാബിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കൊച്ചി വരെ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം നടത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടതോടെയാണ് ട്രാഫിക് നിയന്ത്രണത്തിലൂടെ കുഞ്ഞിനെ കൊച്ചിയിലെത്തിക്കാനായത്. കുഞ്ഞിന്റെ ചികിത്സ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.