LiveTV

Live

Kerala

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; ദേശീയ നേതൃത്വത്തിനെതിരെ സംസ്ഥാന നേതൃത്വം

സംഘടന തെരഞ്ഞെടുപ്പ് വിഭാഗിയത വർദ്ധിക്കാൻ കാരണമാകുമെന്നും സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്തണമെന്നുമാണ് സംസ്ഥാന നേതാക്കളുടെ പൊതു അഭിപ്രായം

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; ദേശീയ നേതൃത്വത്തിനെതിരെ സംസ്ഥാന നേതൃത്വം

സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാനുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം. പ്രവര്‍ത്തകരെ തമ്മില്‍ തല്ലിക്കാനാകരുത് സംഘടനാ തെരഞ്ഞെടുപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കമ്മറ്റി ഉൾപ്പെടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടു. യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തരുതെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ നിലപാട്.

സംഘടന തെരഞ്ഞെടുപ്പ് വിഭാഗിയത വർദ്ധിക്കാൻ കാരണമാകുമെന്നും സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്തണമെന്നുമാണ് സംസ്ഥാന നേതാക്കളുടെ പൊതു അഭിപ്രായം. ഇക്കാര്യം ഹൈക്കമാൻഡിന്‍റെ മുന്നിലെത്തിച്ച് അനുകൂലം തീരുമാനം ഉണ്ടാക്കിയെടുക്കാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാന കമ്മറ്റി ഉള്‍പ്പെടെ എല്ലാ കമ്മറ്റികളും ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ദേശീയ നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിയുടെ പ്രസിഡന്‍റായ ഡീന്‍ കുര്യാക്കോസ് തന്നെ രംഗത്തെത്തി.

സംഘടനാ തെരഞ്ഞെടുപ്പുമായി സഹകരിക്കേണ്ടെന്ന നേതാക്കള്‍ നിര്‍ദേശം നല്‍കിയതിനാല്‍ സംസ്ഥാനത്തെ ആരും തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. നാളെയാണ് നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിർദ്ദേശപത്രിക ആരും സമർപ്പിച്ചിട്ടില്ലങ്കിൽ സംഘടനാ തെരഞ്ഞെടുപ്പ് നടപടി തന്നെ റദ്ദാകും. ഫലത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നുമില്ല എന്നാൽ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റികളും ഇല്ല എന്ന സാഹചര്യത്തിലായി സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ്.