LiveTV

Live

Kerala

പെരുമ്പാവൂരില്‍ ഹോട്ടലിന് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

സംഭവത്തില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പെരുമ്പാവൂരില്‍ ഹോട്ടലിന് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

എറണാകുളം പെരുമ്പാവൂരില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുറുപ്പംപടി സ്വദേശി ദീപയെയാണ് നഗരമധ്യത്തില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് പെരുമ്പാവൂര്‍ ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്ത് ഹോട്ടൽ മുറ്റത്ത് ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് നാടോടി യുവതിയാണെന്നായിരുന്നു ആദ്യം പൊലീസിന്റെ സംശയം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കുറുപ്പംപടി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. തൂമ്പ കൊണ്ട് തലയിലും ശരീരത്തിലും മുറിവേറ്റ പാടുകളോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രദേശത്തെ ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അസം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാത്രി ഒരു മണിയോടെ ഇവരെ കൊലപ്പെടുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ക്യാമറ ശ്രദ്ധയില്‍പ്പെട്ടതോടെ കൊലയാളി ഈ ക്യാമറയും തല്ലിപ്പൊളിച്ചു. ഇന്ന് രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ആലുവ റൂറല്‍ എസ്.പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ തുടര്‍നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.