LiveTV

Live

Kerala

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു

ദീപ മോഹനന്‍റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദീപ മോഹനന്‍റെ ചേംബറില്‍ കയറി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കമുള്ളവര്‍ പ്രതിഷേധിച്ചു. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനമായത്.

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പ്രതിയായ വാഹനാപകട കേസ് പരിഗണിക്കവെയാണ് അസാധാരണ നടപടികള്‍ക്ക് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി സാക്ഷിയായത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്ന് ദീപ മോഹനാണ് കേസ് പരിഗണിച്ചത്. കേസിലെ പ്രതിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഭീഷണിപ്പെടുത്തുന്നതായി വാദി കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പ്രതിഭാഗം വാദം പോലും കേള്‍ക്കാതെ പ്രതിയുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കിയെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. ഇതില്‍ അഭിഭാഷകര്‍ക്ക് പ്രതിഷേധം ഉണ്ടാവുകയും വിഷയം ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ അറിയിക്കുകയും ചെയ്തു.

ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അടക്കം എത്തിയാണ് മജിസ്ട്രേറ്റിന്‍റെ ചേംബറില്‍ കയറി പ്രതിഷേധിച്ചത്. പുറത്തിറങ്ങി പോകും വഴി റൂമിന്‍റെ വാതില്‍ ശബദ്ത്തോടെ അടച്ചതായും അഭിഭാഷകര്‍ പറയുന്നു. മജിസ്ട്രേറ്റ് ദീപ മോഹന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് സംഭവത്തെക്കുറിച്ച പരാതിപ്പെട്ടിട്ടുണ്ട്. സി.ജെ.എം തന്നെ ചേംബറിലെത്തി മജിസ്ട്രേറ്റുമായി സംസാരിച്ചതായും വിവരമുണ്ട്. മജിസ്ട്രേറ്റ് നിരന്തരമായ തെറ്റായ നടപടികള്‍ എടുക്കുന്നതാണെന്ന് ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്.