LiveTV

Live

Kerala

യുഎപിഎ കേസ്; അലനും ത്വാഹക്കും ജാമ്യമില്ല 

അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്.അതേസമയം താഹയുടെ കയ്യക്ഷരം പരിശോധിക്കാൻ അനുമതി നേടി പൊലീസ് കോടതിയിൽ ഹരജി നൽകി

യുഎപിഎ കേസ്; അലനും ത്വാഹക്കും ജാമ്യമില്ല 

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യപേക്ഷ ഹൈക്കോടതി തള്ളി .മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് കോടതി വ്യക്തമാക്കി .

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് യുവാക്കളെ കോഴിക്കോട് പന്തിരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ തെളിവുണ്ടന്നും ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി കേസന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി . ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. .പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസ് ഹാജരാക്കിയിട്ടുണ്ട് . കൂട്ടുപ്രതിയായ ഉസ്മാനെ ഇനിയും പിടികൂടാനായിട്ടില്ല. പൊലീസ് കെട്ടിച്ചമച്ച കേസാണെന്ന പ്രതികളുടെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി .

കേസില്‍ പ്രതികളുടെ ബന്ധം തെളിയിക്കുന്നതിനായി കേസ് ഡയറിയും ഡിജിറ്റല്‍ തെളിവുകളും പൊലീസ് ഹാജരാക്കിയിരുന്നു . പിടികിട്ടാനുള്ള ഉസ്മാന്‍ സമാനമായ പത്ത് കേസുകളില്‍ പ്രതിയാണെന്നും ഇതില്‍ അഞ്ചുകേസുകളില്‍ യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു ഇന്‍ക്വിലാബ് വിളിക്കുന്നത് കുറ്റമല്ലെന്നും പൊലീസ് ആരോപിക്കുന്നതുപോലെ യു.എ.പി.എ ചുമത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഈ കേസിലില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടത്. തങ്ങളുടെ കൈവശം എഫ്.ഐ.ആറിന്റെയും റിമാൻഡ് റിപ്പോർട്ടിന്റെയും പകർപ്പുകളല്ലാതെ മറ്റൊന്നുമില്ലെന്നും കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനമെടുക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.