LiveTV

Live

Kerala

കൊല്ലത്ത് ടൂറിസ്റ്റ് ബസുകൊണ്ട് വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം

ബസിനു പുറമേ കാറിലും ബൈക്കിലും വിദ്യാർഥികൾ അഭ്യാസപ്രകടനം നടത്തി

കൊല്ലത്ത് ടൂറിസ്റ്റ് ബസുകൊണ്ട് വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം

കൊല്ലത്ത് കൊട്ടാരക്കരയിലും അഞ്ചലിലും സ്കൂള്‍വളപ്പില്‍ അപകടകരമായി ടൂറിസ്റ്റ്‍വാഹനമോടിച്ച് അഭ്യാസപ്രകടനം. വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലെയും അ‍ഞ്ചല്‍ ഈസ്റ്റ് സ്കൂളിലെയും വിദ്യാര്‍ഥികള്‍ വിനോദയാത്രക്ക് പോകുന്നതിന് മുമ്പായിരുന്നു സംഭവം.

രണ്ടുസംഭവങ്ങളിലും വാഹനങ്ങള്‍ക്കെതിരെയും വാഹനമോടിച്ചവര്‍ക്കെതിരെയും മോട്ടോര്‍വാഹനവകുപ്പ് നടപടികള്‍ ആരംഭിച്ചു. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ഇന്നലെ വൈകിട്ട് വിനോദയാത്രക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിത്. സ്കൂള്‍വളപ്പിലെ മൈതാനത്തിന് നടുക്ക് വിദ്യാര്‍ഥികളെ നിര്‍ത്തി അതിനുചുറ്റും നടത്തുന്ന അപകടകരമായ അഭ്യാസപ്രകടനം.

വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലെ വിഎച്ച്എസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഞായറാഴ്ച വിനോദയാത്രക്ക് പുറപ്പെടുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണിത്. വിനോദയാത്രക്കായി വന്ന ബസിന് പുറമെ കാറിലും ബൈക്കിലുമായി വിദ്യാര്‍ഥികളും അഭ്യാസപ്രകടനം നടത്തി. നവമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പ് രണ്ടുസംഭവങ്ങളിലും നടപടികള്‍ ആരംഭിച്ചു. എന്നാല്‍ അഭ്യാസപ്രകടനങ്ങള്‍ അധ്യാപകരുടെ സാന്നിധ്യത്തിലല്ലെന്നും പിന്നില്‍ വിനോദയാത്രയുടെ ചുമതലയേല്‍പ്പിച്ചിരുന്ന ഈവന്‍റ് മാനേജ്മെന്‍റ് കമ്പനിയാണെന്നുമാണ് സ്കൂളുകളുടെ വിശദീകരണം.