വയനാട് സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്കിയ യുവാവിന് മര്‍ദനം
വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് മനപ്പൂർവം തർക്കമുണ്ടാക്കുകയായിരുന്നു.

വയനാട് സി.പി.എം ജില്ലാ സെക്രട്ടറി പി ഗഗാറിനെതിരെ പരാതി നൽകിയ യുവാവിനെ മർദിച്ചതായി പരാതി. ഗഗാറിന്റെ മകൻ ഉൾപ്പെടെയുള്ളവർ മർദിച്ചെന്നാണ് വൈത്തിരി സ്വദേശി ജോൺ പൊലീസില്‍ പരാതി നൽകിയത്.
വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് മനപ്പൂർവം തർക്കമുണ്ടാക്കുകയായിരുന്നു. വൈത്തിരി പഞ്ചായത്ത് മെമ്പർ എൽ.സിയും സംഘത്തിലുണ്ടായിരുന്നെന്ന് ജോൺ പറയുന്നു. ഭാര്യയുടെ മരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോൺ നേരത്തെ പരാതി നൽകിയിരുന്നു.
യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പരാതി നല്കിയ ഭര്‍ത്താവിന് മർദനമേറ്റത്. മർദനത്തിൽ പരിക്കേറ്റ ഇയാള്‍ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വൈത്തിരി പഞ്ചായത്ത് അംഗമായ എൽസി ജോർജിനെ അസഭ്യം പറഞ്ഞതാണ് മർദനത്തിന് കാരണമായി സി.പി.എം നൽകുന്ന വിശദീകരണം. അതേസമയം, ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയവരെ കൈകാര്യം ചെയ്യുമെന്ന് വൈത്തിരി ഏരിയ സെക്രട്ടറി പൊതുയോഗത്തിൽ ഭീഷണിമുഴക്കിയതിനു പിന്നാലെയാണ് ജോണ്‍ മർദനത്തിനിരയായത്.