LiveTV

Live

Kerala

തൃപ്തി ദേശായിയും സംഘവും കൊച്ചി കമ്മീഷണര്‍ ഓഫീസില്‍; ബിന്ദു അമ്മിണിക്കെതിരെ കയ്യേറ്റം

ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് തൃപ്തിയെ അറിയിച്ചു.

തൃപ്തി ദേശായിയും സംഘവും കൊച്ചി കമ്മീഷണര്‍ ഓഫീസില്‍; ബിന്ദു അമ്മിണിക്കെതിരെ കയ്യേറ്റം

ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് തൃപ്തിയെ അറിയിച്ചു. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലാണ് തൃപ്തി ദേശായിയും സംഘവുമുള്ളത്. ഓഫീസിന് മുന്നില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

പുലർച്ചെ അഞ്ച് മണിക്കാണ് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെത്തിയ സംഘത്തിനൊപ്പം മലയാളി വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുമുണ്ടായിരുന്നു. ശബരിമല ദർശനം നടത്താൻ സുരക്ഷ നല്‍കണമെന്ന് തൃപ്തി ദേശായിയും സംഘവും പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷ നൽകാനാവില്ലെന്ന് വ്യക്തമാക്കിയ പൊലീസ് കോടതി ഉത്തരവ് ഹാജരാക്കിയാല്‍ ദര്‍ശനത്തിന് സമ്മതിക്കാമെന്നും അറിയിച്ചു.

2018ലെ സുപ്രീംകോടതി ഉത്തരവ് കാണിച്ചപ്പോള്‍ പുതിയ ഉത്തരവ് വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്ന് തൃപ്തി മീഡിയവണിനോട് പറഞ്ഞു. തൃപ്തി ദേശായി എത്തിയത് അറിഞ്ഞ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും കമ്മീഷണർ ഓഫീസിന് മുന്നിൽ സംഘടിച്ചെത്തി. ഓഫീസിന് മുന്നിൽ മണിക്കൂറുകളോളം മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച പ്രവർത്തകർ തൃപ്‍തി ദേശായിക്ക് സുരക്ഷ നല്‍കില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

തൃപ്‍തി ദേശായിക്കും സംഘത്തിനും എയർപോർട്ടിൽ പോകാനുള്ള സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് കേരളത്തിലെത്തിയ തൃപ്തിക്ക് കടുത്ത പ്രതിഷേധം മൂലം വിമാനത്താവളത്തിന് പുറത്തിറങ്ങാനാവാതെ മടങ്ങേണ്ടി വന്നിരുന്നു.