ഐ.ഐ.ടിക്ക് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പണം നല്‍കിയില്ല; തഹസില്‍ദാറെ ഉപരോധിച്ച് ഭൂഉടമകള്‍
കഴിഞ്ഞ ഒക്ടോബര്‍ 15ന് ഭൂമി ഐ.ഐ.ടിക്ക് കൈമാറിയെങ്കിലും 10 ഭൂഉടമകള്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല.
പാലക്കാട് ഐ.ഐ.ടിക്ക് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പണം നല്‍കാത്തതില്‍ പ്രതിഷേധം. ലാന്റ് അക്വസിഷന്‍ തഹസില്‍ദാറെ ഭൂഉടമകള്‍ ഉപരോധിച്ചു. ട്രഷറി നിയന്ത്രണംമൂലമാണ് പണം നല്കാന് വൈകുന്നതെന്നാണ് വിശദീകരണം.
2015ല്‍ ഏറ്റെടുത്ത ഭൂമിയുടെ പണം ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലാന്റ് അക്വസിഷന്‍ തഹസില്‍ദാറെ ഉപരോധിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15ന് ഭൂമി ഐ.ഐ.ടിക്ക് കൈമാറിയെങ്കിലും 10 ഭൂഉടമകള്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല. 502 ഏക്കര്‍ ഭൂമിയില്‍ 365 ഏക്കറോളം ഭൂമി സ്വകാര്യ വ്യക്തികളുടേതാണ്. മുഴുവന്‍പേര്‍ക്കും നല്‍കാനുള്ള പണം വകയിരുത്തിയതാണെന്നും ട്രഷറി നിയന്ത്രണം മൂലമാണ് പണം നല്കാന് കഴിയാത്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തങ്ങള്‍ക്ക് പണം നല്‍കാതെ ഐ.ഐ.ടിക്ക് ഭൂമി കൈമാറിയത് നിയമവിരുദ്ധമാണെന്ന് ഭൂഉടമകള്‍ പറയുന്നു. വയലിന് 16500 രൂപ നിരക്കിലും, പറന്പിന് 19000 രൂപ നിരക്കിലുമാണ് ഭൂമി ഏറ്റെടുത്തത്. പണം അനുവദിക്കുന്നത് വൈകിയാല്‍ കുടുംബ സമേതം ശക്തമായ സമരത്തിനൊരുങ്ങുമെന്നാണ് ഭൂഉടമകള്‍ പറയുന്നത്.