LiveTV

Live

Kerala

“ഞങ്ങളുടെ മക്കള്‍ പറക്കമുറ്റും മുമ്പേ ചിറകരിയപ്പെട്ടവര്‍”

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ ആത്മഹത്യ ചെയ്ത ഗൌരി നേഹയുടെ പിതാവ് മദ്രാസ് ഐഐടിയില്‍ ജീവനൊടുക്കിയ ഫാത്തിമയുടെ പിതാവിനെ കാണാനെത്തി

“ഞങ്ങളുടെ മക്കള്‍ പറക്കമുറ്റും മുമ്പേ ചിറകരിയപ്പെട്ടവര്‍”

കരഞ്ഞുതളര്‍ന്ന്, ഫാത്തിമയുടെ ഓര്‍മ്മയില്‍ ഓരോ നിമിഷവും തള്ളിനീക്കുന്ന കുടുംബത്തിന് ആശ്വാസം പകരാനാണ് പ്രസന്നകുമാര്‍ രണ്ടാംകുറ്റിയിലുള്ള ഫാത്തിമയുടെ വീട്ടിലേക്കെത്തിയത്.

ഫാത്തിമയെപ്പോലെ തന്നെ പ്രസന്നനും ഒരു മകളുണ്ടായിരുന്നു. കൊല്ലം ട്രിനിറ്റി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ. അധ്യാപകരുടെ മാനസികപീഡനത്തെത്തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടി. മകള്‍ മരിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും നീതികിട്ടാത്ത അച്ഛന്റെ വേദനയിലാണ് പ്രസന്നകുമാര്‍ ഫാത്തിമയുടെ വീട്ടിലേക്കെത്തിയത്. ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫിനോടും കുടുംബത്തിനോടും രണ്ടരമണിക്കൂറോളം പ്രസന്നകുമാര്‍ സംസാരിച്ചു.

" എന്റെ മോളുടെ ഗതി ആര്‍ക്കും വരരുതെന്ന പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നു. പക്ഷേ ആ പ്രാര്‍ത്ഥന ഫലിച്ചില്ല. വിദ്യാലങ്ങളിലെ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എല്ലാ അധ്യാപകരേയും കുറ്റം പറയുന്നില്ല. എന്നാല്‍ ചില അധ്യാപകര്‍ക്കുള്ളില്‍ ചെകുത്താന്മാരുണ്ട്. ഗൌരിയും, ഫാത്തിമയും രണ്ട് കുടുംബങ്ങളുടെ മാത്രം നഷ്ടമല്ല. അവര്‍ വരുംതലമുറയുടെ വാഗ്ദാനങ്ങളായിരുന്നു" - പ്രസന്നകുമാര്‍ പറഞ്ഞു.

വരാന്തയിലിരുന്ന് അബ്ദുള്‍ ലത്തീഫുമായി സംസാരിക്കുമ്പോള്‍ പലവതണ പ്രസന്നകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വിദ്യാലയങ്ങളില്‍ ജീവനൊടുക്കിയ മക്കളുടെ അച്ഛന്മാര്‍ പരസ്പരം ആശ്വസിപ്പിക്കുന്ന കാഴ്ച നെഞ്ചുനീറുന്നതായിരുന്നു. മകളുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഇപ്പോഴും പോരാടുകയാണെന്ന് പ്രസന്നന്‍ പറഞ്ഞു. ഫാത്തിമയുടെ കുടുംബത്തിന് എല്ലാ നിയമപോരാട്ടങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് പ്രസന്നകുമാര്‍ ഫാത്തിമയുടെ വീട്ടില്‍നിന്നും മടങ്ങിയത്.