സർക്കാർ ചതിയിൽ കണ്ണു നനഞ്ഞ് നെല്ല് കർഷകർ
സർക്കാരിന്റെ പി.ആർ.എസ് പദ്ധതിയിൽ വിശ്വസിച്ച 1.72 ലക്ഷം കർഷകർ ഇന്ന് കടക്കെണിയിലാണ്

" ആത്മാഭിമാനമുള്ളവരാ സാറേ നെല്ല് കർഷകർ. നഷ്ടമാണെന്നറിഞ്ഞിട്ടും വീണ്ടും കൃഷിയിറക്കുന്നത് ആ അഭിമാനമുളളതു കൊണ്ടാ" - കുട്ടനാട്ടിലെ ഒരു നെല്ല്കർഷകന്റെ വാക്കുകളാണിത്. വാർദ്ധക്യത്തിന്റെ ജരാനരകൾ ബാധിച്ചെങ്കിലും വാക്കുകൾക്ക് അരിവാളിന്റെ മൂർച്ഛയുണ്ട്. മലയാള മണ്ണിന്റെ നെൽ കലവറയാണ് കുട്ടനാട് . കണ്ണെത്താ ദൂരത്തോളം പച്ച വിരിച്ച് കിടക്കുന്ന അവളുടെ ഭംഗി കാണാൻ കടൽ കടന്നെത്തുന്നവരും നിരവധി. പക്ഷേ ആ സൗന്ദര്യം അങ്ങനെ തന്നെ നിലനിർത്തുന്ന കർഷകന്റെ കണ്ണുനീര് ആരെങ്കിലും കണ്ടിട്ടുണ്ടോ?

കഴിഞ്ഞ മൂന്ന് വർഷമായി കുട്ടനാട്ടിലെ നെൽ കർഷകർക്ക് നഷ്ടത്തിന്റെ കണക്കുകൾ മാത്രമാണ് മുന്നിലുള്ളത്. മഹാപ്രളയം സർവതും തകർത്തതിന്റെ മറ്റ് നഷ്ടങ്ങൾ വേറെ. ആറ് തവണയിറക്കിയ കൃഷിയിൽ പ്രളയ ശേഷമുള്ള പുഞ്ചകൃഷിയായിരുന്നു കർഷകർക്ക് ലാഭം നേടി കൊടുത്തത്. ബാക്കിയെല്ലാം നഷ്ടം. ഇപ്പോഴത്തെ രണ്ടാം കൃഷിയും നഷ്ടത്തിലാണ്. 193 പാടശേഖരങ്ങളിലാണ് ഇത്തവണ രണ്ടാം കൃഷിയിറക്കിയത്. നെല്ല് വിതച്ചത് 10508 ഹെക്ടറിലും. ഈ വർഷം ആഗ്സ്റ്റിൽ ഉണ്ടായ പ്രളയത്തിൽ 2734 ഹെക്ടറിലെ കൃഷി നശിച്ചു. ശേഷിച്ച 7017 ഹെക്ടറിലെ കൃഷിയിൽ പ്രതീക്ഷയർപ്പിച്ച കർഷകർക്ക് കൂനിന്മേൽ കുരുപോലെയായിരുന്നു ഒക്ടോബറിലെ അപ്രതീക്ഷിത മഴ. മട വീണും കാറ്റടിച്ച് നെല്ല് വീണുമൊക്കെ പൂർണ്ണമായും നശിച്ചത് 2879 ഹെക്ടറിലെ കൃഷിയായിരുന്നു. എല്ലാ ദുരന്തങ്ങളും അവസാനിച്ചപ്പാൾ ബാക്കിയായത് 3008 ഹെക്ടറിലെ കൃഷിയാണ്. ഇവിടങ്ങളിൽ ഇപ്പോൾ കൊയ്ത്ത് നടക്കുകയാണ്. 75% നെല്ലും സംഭരിച്ചു. കിലോയ്ക്ക് ഇത്തവണ 26.95 രൂപ നിരക്കിലാണ് സപ്ലൈക്കോ നെല്ല് സംഭരിക്കുന്നത്. അവിടെയുമുണ്ട് കർഷകന് കൈപൊള്ളുന്ന ചില കാര്യങ്ങൾ. സംഭരണസമയത്ത് ഈർപ്പത്തിന്റെ കണക്കു പറഞ്ഞ് ക്വിൻറലിന് 5 മുതൽ 10 കിലോ വരെ അധിക നെല്ല് മില്ലുകാർ വാങ്ങും.

ചതിച്ചത് സർക്കാരോ?
സർക്കാരിന്റെ പി.ആർ.എസ് പദ്ധതിയിൽ വിശ്വസിച്ച 1.72 ലക്ഷം കർഷകർ ഇന്ന് കടക്കെണിയിലാണ്. എന്താണ് ഈ പി.ആർ.എസ് പദ്ധതി? സപ്ലൈക്കോ വഴി സംഭരിക്കുന്ന നെല്ലിന്റെ വില കാലതാമസം കൂടാതെ കർഷകന് ലഭ്യമാക്കാൻ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന പദ്ധതി. നെല്ല് ഏറ്റെടുക്കുന്ന വേളയിൽ സപ്ലൈക്കോയിൽ നിന്നും കർഷകന് പാഡി റസിപ്റ്റ് ഷീറ്റ് (PRS) എന്ന രസീത് നൽകും. നെല്ലിന്റെ വിലയും, പണം കൈപ്പറ്റേണ്ട ബാങ്കിന്റെ വിവരങ്ങളും രസീതിലുണ്ടാകും. ഇത് നിശ്ചിത ബാങ്കുകളില്‍ ഹാജരാകുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് പണം നല്കുന്നു. ലോണ്‍ തുകയും നിര്‍ദ്ദിഷ്ട പലിശയും സര്‍ക്കാര്‍ നേരിട്ടാണ് ബാങ്കുകള്‍ക്ക് തിരിച്ചടക്കുന്നത്. ആറ് മാസം കൊണ്ട് 9.5% പലിശ നിരക്കിലാണ് സർക്കാർ പണം തിരിച്ചടക്കേണ്ടത്. പക്ഷേ സംഭവിച്ചതെന്താണ്! 1.72 ലക്ഷം കർഷകർക്ക് പണം നൽകിയ വകയിൽ സർക്കാർ ,ബാങ്കുകൾക്ക് വരുത്തിയ കുടിശ്ശിക 1450 കോടി രൂപ. മുകളിൽ സൂചിപ്പിച്ച പുഞ്ചകൃഷിയിൽ സംഭരിച്ച നെല്ലിന്റെ കാര്യമാണിത്. ഇതേതുടര്‍ന്ന് ഇത്തവണ പി.ആർ.എസ് രസീതുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല. ലോണ്‍ വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസും അയച്ചു. പാവം കർഷകർ ചെയ്ത ഒരേയൊരു തെറ്റ് സർക്കാരിനെ വിശ്വസിച്ചു എന്നത് മാത്രമാണ്. അടുത്ത പുഞ്ചകൃഷിയിറക്കണേൽ കൈയ്യിൽ കാശ് വേണം. അതുപോലുമില്ലാത്ത കർഷകർ എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ്. ഇനിയൊരു കർഷക ആത്മഹത്യക്ക് വേണ്ടി കാത്തിരിക്കാതെ സർക്കാരിന്റെ ജാഗരൂകായ ഇടപെടലാണ് ആവശ്യം.