ഓടു പൊളിച്ചല്ല പാർലമെന്റില്‍ എത്തിയത്: ഹൈബി ഈഡന്
പാര്‍ലമെന്റ് കീഴ്വഴക്കങ്ങളും സ്പീക്കറുടെ ഉത്തരവുകളും ലംഘിച്ച എം.പിമാര്‍ മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ ആവശ്യം.

ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവരെ അസഹിഷ്ണുതയോടെയാണ് സ്പീക്കര്‍ നേരിട്ടതെന്ന് ഹൈബി ഈഡന് എംപി. ബി.ജെ.പിയുടെ ഫാഷിസ്റ്റ് നീക്കത്തിനെതിരെ മുന്നോട്ട് പോകുമെന്നും ഹെബി ഈഡന് പറഞ്ഞു. എന്നാല്‍ സംഭവത്തെ കയ്യേറ്റ ശ്രമമായി ചിത്രീകരിച്ച കോണ്‍ഗ്രസ് നീക്കം ആടിനെ പട്ടിയാക്കലാണെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതീകരണം.
എതിര് സ്വരങ്ങളെ ഇല്ലാതാക്കാനുള്ള നീക്കത്തിന് തെളിവാണ് സ്പീക്കറുടെ അസഹിഷ്ണുതയോടെയുള്ള നടപടി. പാർലമെന്റില്‍ ഓടു പൊളിച്ചോ ഊട് വഴികളിലൂടെയോ എത്തിയവരല്ല കോണ്‍ഗ്രസ് എം.പിമാര്‍ എന്നും ഹൈബി ഈഡന് എം.പി പ്രതികരിച്ചു.
പാര്‍ലമെന്റ് കീഴ്വഴക്കങ്ങളും സ്പീക്കറുടെ ഉത്തരവുകളും ലംഘിച്ച എം.പിമാര്‍ മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ ആവശ്യം. കേരളാ നിയമസഭയല്ല, ഇന്ത്യൻ പാർലമെന്റ് എന്ന് കോൺഗ്രസ്സ് ഓർമ്മിക്കണമെന്നും വി മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു കെ സുധാകരന് എം.പിയുടെ പ്രതികരണം. സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നത് അമിത് ഷായുടെ നിര്‍ദേശപ്രകാരമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഭരണഘടന ദിനാചരണ പരിപാടി ബഹിഷ്കരിക്കാനും അംബേദ്ക്കര്‍ പ്രതിമക്ക് മുന്നില്‍ പ്രതിഷേധിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.