LiveTV

Live

Kerala

കുട്ടികള്‍ക്ക് ഭീഷണിയായി വടാട്ടുപാറ പൊയ്ക ഗവൺമെൻറ് ഹൈസ്കൂളിലെ പഴയ കെട്ടിടം

വിദ്യാർഥികൾ സ്ഥിരമായി എത്തുന്ന ഈ കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാവുകയാണ്

കുട്ടികള്‍ക്ക് ഭീഷണിയായി വടാട്ടുപാറ പൊയ്ക ഗവൺമെൻറ് ഹൈസ്കൂളിലെ പഴയ കെട്ടിടം

കോതമംഗലം വടാട്ടുപാറയിലെ പൊയ്ക ഗവൺമെൻറ് ഹൈസ്കൂളിനടുത്തെ പഴയ കെട്ടിടം അപകടാവസ്ഥയിലായിട്ട് നാളുകളായി. വിദ്യാർഥികൾ സ്ഥിരമായി എത്തുന്ന ഈ കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പുതിയ കെട്ടിടം നിർമ്മിച്ച് ക്ലാസുകൾ അങ്ങോട്ട് മാറ്റി എങ്കിലും പഴയ കെട്ടിടം പൊളിച്ചു നീക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രശ്നമായിരിക്കുന്നത്. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന നല്ല വിജയശതമാനം ഉള്ള സർക്കാർ സ്കൂളാണിത്. ഒഴിവുസമയങ്ങളിൽ കുട്ടികൾ കൂട്ടമായി ഈ പൊളിഞ്ഞുവീഴാറായ കെട്ടിടത്തിന് സമീപത്ത് എത്താറുണ്ട്.

പഴയ കെട്ടിടം പാതി നിലംപൊത്തിയ നിലയിൽ ആണ്. ഇതിനുള്ളിൽ ഇഴ ജന്തുക്കളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത ഏറെയാണ്. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഇതിനകത്ത് തന്നെയാണ്. സ്കൂൾ ആവശ്യത്തിനായി ഉപയോഗിക്കുന്ന പല സാധനങ്ങളും ഇതിനകത്ത് സൂക്ഷിക്കുകയും പല സമയത്തും കുട്ടികൾ തന്നെ ഇത് കൈകാര്യം ചെയ്യുന്ന അവസ്ഥയുമുണ്ട്. നിരവധി പരാതികൾ നൽകിയതിനെ തുടർന്ന് ഒരു മാസം മുമ്പ് ഈ പഴയ കെട്ടിടം പൊളിച്ചു നീക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പായില്ല.