LiveTV

Live

Kerala

‘സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കരുത്’ സിപിഎം അംഗങ്ങളായ അഭിഭാഷകരോട് പാര്‍ട്ടി

പാര്‍ട്ടി ബന്ധമില്ലാഞ്ഞിട്ടും ലത ജയരാജിനെ സര്‍ക്കാര്‍ വീണ്ടും പബ്ലിക് പ്രോസിക്യൂട്ടറാക്കിയതിലും വലിയ വിമര്‍ശനം ഉയര്‍ന്നു

‘സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കരുത്’ സിപിഎം അംഗങ്ങളായ അഭിഭാഷകരോട് പാര്‍ട്ടി

സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കരുതെന്ന് സിപിഎം അംഗങ്ങളായ അഭിഭാഷകര്‍ക്ക് പാര്‍ട്ടി നിര്‍ദേശം. വാളയാര്‍ കേസിന്‍റെ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലാ കമ്മിറ്റി ഈ നിര്‍ദേശം നല്‍കിയത്.

വാളയാര്‍ കേസിന്‍റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍മാരായ അഭിഭാഷകര്‍ക്ക് സി.പി.എം വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം കൊണ്ടുവന്നിരിക്കുന്നത്. സി.ഡബ്ല്യു.സി ചെയര്‍മാനും, പാര്‍ട്ടി മെമ്പറും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എന്‍. രാജേഷിന്‍റെ വാളയാര്‍ കേസിലെ ഇടപെടല്‍ സി.പി.എമ്മിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. സി.ഡബ്ല്യു.സി ചെയര്‍മാനായിരിക്കെ പ്രതികള്‍ക്കായി വാദിച്ചത് വാര്‍ത്തയായതോടെ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സി.പി.എം വിലയിരുത്തല്‍.

കൂടാതെ പ്രതികള്‍ക്കൊപ്പം ഇരയെ അയക്കണമെന്ന് എന്‍. രാജേഷ് നിര്‍ബന്ധിച്ചതായി നിര്‍ഭയ കേന്ദ്രത്തിലെ അധികൃതരുടെ വെളിപെടുത്തലും വന്നിരുന്നു. എന്‍. രാജേഷിനെതിരെ സി.പി.എമ്മിനകത്ത് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി മെമ്പര്‍മാരായ വക്കീലന്‍മാര്‍ സമൂഹം അംഗീകരികാത്ത കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കരുതെന്ന് ജില്ലാകമ്മറ്റി തീരുമാനിച്ചത്. പാര്‍ട്ടി ബന്ധമില്ലാഞ്ഞിട്ടും ലത ജയരാജിനെ സര്‍ക്കാര്‍ വീണ്ടും പബ്ലിക് പ്രോസിക്യൂട്ടറാക്കിയതിലും വലിയ വിമര്‍ശനം ഉയര്‍ന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വിനോദ് കൈനാട്ട്, അരവിന്ദാക്ഷന്‍ എന്നിവരുടെ കാലാവധി പുതുക്കിനല്‍കാതിരുന്നത് ജില്ലാകമ്മറ്റിയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.