LiveTV

Live

Kerala

കൊല്ലം ചെറിയഴീക്കല്‍ സ്കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍

2013ല്‍ അണ്‍ഫിറ്റെന്ന് കണ്ടെത്തിയ കെട്ടിടത്തിലാണ് ഇരുപതോളം ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്

കൊല്ലം ചെറിയഴീക്കല്‍ സ്കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍

ഏതുനിമിഷവും തകര്‍ന്നുവീണേക്കാവുന്ന കെട്ടിടത്തിലാണ് കൊല്ലം ചെറിയഴീക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ പ്രവര്‍ത്തനം. 2013ല്‍ അണ്‍ഫിറ്റെന്ന് കണ്ടെത്തിയ കെട്ടിടത്തിലാണ് ഇരുപതോളം ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്.

നിരവധി തവണ പരാതി നല്‍കിയിട്ടും ആരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. പൊട്ടിപ്പൊളിഞ്ഞ് അടര്‍ന്നുവീഴാറായി നില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍, കാലപ്പഴക്കം കൊണ്ട് വിണ്ടുകീറിയ ഭിത്തി, എപ്പോള്‍ വേണമെങ്കിലും തലയിലേക്ക് വീഴാന്‍ തയ്യാറായി നില്‍ക്കുന്ന ഓട്, ഒരു സര്‍ക്കാര്‍ സ്കൂളിന്‍റെ അവസ്ഥയാണിത്. അപകടം പതിയിരിക്കുന്ന ഈ കെട്ടിടത്തിലാണ് ക്ലാസ് റൂമുകളും, ലാബും, ഓഫീസുമൊക്കെ പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂളിലെ പ്രധാനാധ്യാപകന്‍റെ മുറി, ഐ.ടി റൂം, സ്മാര്‍ട് ക്ലാസ് റൂം എന്നിവ ചോര്‍ന്നൊലിക്കുകയാണ്.

ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോലുമുള്ള സംവിധാനം ഈ സ്കൂളിലില്ല. 1984ല്‍ ടി.എം ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ നിര്‍മ്മിച്ച കെട്ടിടം 2013ല്‍ പ്രവര്‍ത്തനയോഗ്യമല്ലെന്ന് കണ്ടെത്തിയതാണ്. അപകടസാധ്യത ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ നിരവധിതവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. അപകടമുണ്ടാകാന്‍ കാത്തുനില്‍ക്കാതെ വിഷയത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. അനാസ്ഥ തുടര്‍ന്നാല്‍ സ്കൂള്‍ മാറാനാണ് ഇവരുടെ തീരുമാനം.