LiveTV

Live

Kerala

സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കൊണ്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍

സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കൊണ്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍

സംഘപരിവാര്‍ സഹയാത്രികരെ പങ്കെടുപ്പിച്ച് കൊണ്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാര്‍. ഭരണഘടനയും ജനാധിപത്യവും എഴുപത് വര്‍ഷത്തെ ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിലേക്കാണ് സംഘപരിവാര്‍ സഹയാത്രികരെ കൂട്ടത്തോടെ ക്ഷണിച്ചിരിക്കുന്നത്.

ഈ മാസം 26, 27 തീയതികളിലായാണ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഭരണഘടനയും ജനാധിപത്യവും ഇന്ത്യന്‍ അനുഭവത്തില്‍ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ സെമിനാറിലെ ആദ്യ ദിവസം ആദ്യ സെഷനില്‍ വിഷയാവതരണം നടത്തുന്നത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസാണ്, രണ്ടാം ദിവസം ആദ്യ സെഷനില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും വിഷയാവതരണം നടത്തും. അവസാന സെഷനില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ജി.കെ സുരേഷ് ബാബുവും വിഷയാവതരണം നടത്തും. ഇവരെ കൂടാതെ ഡി.ജി.പി ജേക്കബ് തോമസും കേന്ദ്ര സര്‍വകലാശാല പ്രാ വൈസ് ചാന്‍സലര്‍ കെ ജയപ്രസാദടക്കമുള്ളവരുമാണ് സെമിനാറിലെ ഏഴ് വ്യത്യസ്ത വിഷയങ്ങളില്‍ വിഷയാവതരണം നടത്തുന്നത്. കേന്ദ്ര സര്‍വകലാശാലയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സംഘപരിവാര്‍ സഹയാത്രികരെ കൂട്ടത്തോടെ സെമിനാറിന് ക്ഷണിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്.

സര്‍വകലാശാലയിലെ രണ്ട് വകുപ്പുകളാണ് സെമിനാര്‍ സംഘ‍ടിപ്പിക്കുന്നത്, എന്നാല്‍ രണ്ട് വകുപ്പുകളിലേയും ഫാക്കല്‍റ്റി കൌണ്‍സിലിലും, ഏതാനും അധ്യാപകരോടും ചര്‍ച്ച പോലും നടത്താതെയാണ് വിഷയാവതരണത്തിനുള്ളവരെ നിശ്ചയിച്ചതെന്നും ആരോപണമുയരുന്നുണ്ട്. സെമിനാറിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.