LiveTV

Live

Kerala

നാണമുണ്ടോ? ബി.ബി.സി അഭിമുഖത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ആഘോഷിക്കുന്നവരോട് കനക ദുര്‍ഗ

ബി.ബി.സി അഭിമുഖത്തില്‍ മക്കളെ കാണാൻ പറ്റാത്തതിന്റെ വിഷമം പങ്ക് വച്ചപ്പോൾ കനക ദുർഗ കരഞ്ഞിരുന്നു. ഇതാണ് ശബരിമലയിൽ പ്രവേശിച്ചതിന് കനക ദുർഗ നൽകേണ്ടി വരുന്ന വില എന്ന് ജന്മഭൂമി വ്യാഖ്യാനിച്ചത്

നാണമുണ്ടോ? ബി.ബി.സി അഭിമുഖത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ആഘോഷിക്കുന്നവരോട് കനക ദുര്‍ഗ

ശബരിമല പ്രവേശനത്തെ കുറിച്ച് ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുന്നവര്‍ക്ക് മറുപടിയുമായി കനക ദുര്‍ഗ. ജന്മഭൂമിയുടെ പേരെടുത്ത് പറഞ്ഞാണ് കനക ദുര്‍ഗയുടെ മറുപടി. ബി.ബി.സി അഭിമുഖത്തില്‍ മക്കളെ കാണാൻ പറ്റാത്തതിന്റെ വിഷമം പങ്ക് വച്ചപ്പോൾ കനക ദുർഗ കരഞ്ഞിരുന്നു. ഈ ഭാഗമാണ് ശബരിമലയിൽ ആചാരലംഘനം നടത്തിയ കനക ദുർഗ നൽകേണ്ടി വരുന്ന വില എന്ന് വ്യാഖ്യാനിച്ച്‌ ജന്മഭൂമി വാർത്തയാക്കിയത്. സംഘപരിവാര്‍ അനുകൂലികളാവട്ടെ അയ്യപ്പന്‍റെ ശാപമെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.

"അമ്മ എന്ന നിലയിൽ മക്കളെ കാണാൻ പറ്റാത്തതിന്റെ വിഷമം ബി.ബി.സിയുമായി പങ്ക് വച്ചപ്പോൾ ഞാൻ കരഞ്ഞെന്നു കരുതി നിങ്ങൾക്കാഘോഷിക്കാനുള്ളതൊന്നും അതിലില്ല. അതിന് ശേഷവും അതിന് മുൻപും ഉള്ള എന്റെ സംസാരവും കേൾക്കാൻ ഇത്തിരി നേരും നെറിയും ആർജവവും വേണം. എന്നിട്ടഹ്ലാദിപ്പിൻ മിത്രങ്ങളെ" എന്ന് ന്യൂസ് ഗില്‍ പ്രസിദ്ധീകരിച്ച കനക ദുര്‍ഗയുടെ മറുപടി കുറിപ്പില്‍ പറയുന്നു.

കനക ദുർഗയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത്, പരമോന്നത നീതിപീഠമായ സുപ്രീംകോടതി സ്ത്രീക്കും പുരുഷനും മൗലികാവകാശങ്ങൾ തുല്യമായി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തേണ്ടത് ഒരു ഇന്ത്യൻ പൗര എന്ന നിലക്ക് എന്റ അവകാശമാണ്. ആ നിലക്ക് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച ഉത്തരവിൻ പ്രകാരം ശബരിമല യാത്ര പണ്ടു തൊട്ടേ ആഗ്രഹിച്ചിരുന്ന ഞാൻ ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതിൽ ഇത്രത്തോളം അസഹിഷ്ണുത കാട്ടേണ്ട ഒരു കാര്യവുമില്ല

വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിൻ തോലണിഞ്ഞ സുഹൃത്തുക്കളെ…

ശബരിമല ദർശനത്തിന് ശേഷം എന്നെ പല വിധത്തിലും ഗതികേടിലാക്കാനും അപകീർത്തിപ്പെടുത്താനും ആര്‍.എസ്.എസും ബി.ജെ.പിക്കാരും ഒരു വർഷത്തോളമായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കയാണ്. പക്ഷെ നിങ്ങൾ നിങ്ങടെ പരിഹാസായുധങ്ങൾക്ക് മൂർഛ കൂട്ടുന്നതിനനുസരിച്ച് എന്റ ആത്മവീര്യത്തിന്റെ തിളക്കം കൂടുന്നതെയുള്ളൂ സുഹൃത്തുക്കളെ, നിങ്ങൾ എത്ര പരിഹസിച്ചാലും ദുഷിപ്പിച്ചാലും തളർന്നു പോകുന്നതല്ല എന്റ നിലപാടുകൾ. കാരണം അതെന്റ പുരോഗമനാശയങ്ങളുടെ അടിയുറച്ച കാഴ്ചപ്പാടിൽ നിലയുറച്ചതാണ്. നിങ്ങൾക്കത് പിഴുതെറിയാനാവില്ല .

ആചാര സംരക്ഷണമെന്ന പേരിൽ തിരിയും തെളിച്ച് റോഡിലിറങ്ങി സാധാരണക്കാരുടെ ദൈനംദിന യാത്രകളിൽ തടസ്സം വരുത്തി നാമജപത്തെ ആക്രോശമാക്കിയോരൊക്കെയും വിശ്വാസികളും അതേസമയം ക്ഷേത്രദർശനം നടത്താൻ ശ്രമിച്ച എന്നെ പോലുള്ളവരെ അവിശ്വാസിയെന്നും ആക്ടിവിസ്റ്റെന്നും പേരിടാനും അടയാളപ്പെടുത്താനും മാത്രം നിങ്ങൾക്കെന്ത് പ്രമാണ പ്രതങ്ങളാണ് കൈയ്യിലുള്ളത്. നിങ്ങൾക്കതിനുള്ള അധികാരവും യോഗ്യതയും അധികാരവും ആരാണ് തന്നേൽപ്പിച്ചത്.

ഇന്ന് ഞാൻ ഇതെല്ലാം പോസ്റ്റ് ചെയ്യാൻ കാരണം കുറച്ച് മണിക്കൂറുകളായി നിങ്ങൾ ആഘോഷിക്കുന്ന എന്നെ കുറിച്ചുള്ള ഒരു വാർത്തയുണ്ടല്ലൊ അതിനെ കുറിച്ചൊന്ന് പറയാനാണ്. ബി.ബി.സി എന്നെ കുറിച്ച് എടുത്ത ഇന്‍രര്‍വ്യു ചില ഭാഗങ്ങൾ വെട്ടിയെടുത്ത് നിങ്ങൾക്ക് വേണ്ടി ന്യൂസ് ഉണ്ടാക്കിയ ജന്മഭൂമിക്കാരോട് പറയാൻ വേണ്ടിയാണ്

“നാണമില്ലെ ജന്മഭൂമി പത്രമെ"

സ്വന്തമായി നല്ല നാല് വാർത്ത കണ്ടുപിടിക്കാനോ പ്രസിദ്ധീകരിക്കാനോ കഴിയാതെ.. മറ്റുള്ള ചാനലിലേക്ക് ഒളിഞ്ഞും വലിഞ്ഞും നോക്കി വാർത്തകളുടെ കഷണങ്ങൾ തിരഞ്ഞ് തെരുവ് പട്ടികളെ പോലെ അലഞ്ഞ് ഒടുവിൽ അവനവന്റെ മനസ്സിലെ വിസർജ്യങ്ങൾ തന്നെ അതിൽ തേച്ച് പിടിപ്പിച്ച് ആസ്വദിച്ച് ആഹരിക്കുവാൻ..

കഴിഞ്ഞ ആഴ്ച ഞാൻ ബി.ബി.സിക്ക് കൊടുത്ത ഇന്‍റര്‍വ്യു അവരുടെ പെർമിഷനില്ലാതെ കട്ടെടുത്ത് ചില ഭാഗങ്ങൾ മാത്രം കോർത്തിണക്കി നിങ്ങൾ ഉണ്ടാക്കിയ ന്യൂസ് നിങ്ങളെ പോലുള്ള മഞ്ഞ പത്രങ്ങൾ വായിക്കുന്ന ചുരുക്കം ചിലരെ വിശ്വസിക്കൂ.

അമ്മ എന്ന നിലയിൽ മക്കളെ കാണാൻ പറ്റാത്തതിന്റെ വിഷമം ബി.ബി.സിയുമായി പങ്ക് വച്ചപ്പോൾ ഞാൻ കരഞ്ഞെന്നു കരുതി നിങ്ങൾക്കാഘോഷിക്കാനുള്ളതൊന്നും അതിലില്ല. അതിന് ശേഷവും അതിന് മുൻപും ഉള്ള എന്റെ സംസാരവും കേൾക്കാൻ ഇത്തിരി നേരും നെറിയും ആർജവവും വേണം. എന്നിട്ടഹ്ലാദിപ്പിൻ മിത്രങ്ങളെ..

പ്രായപൂർത്തിയാകാത്ത മക്കളെ പറഞ്ഞ് പേടിപ്പിച്ച് എന്നിൽ നിന്ന് അകറ്റി നിർത്തുന്ന സൂത്രം അധികനാൾ വിലപ്പോവില്ല.

എന്നെ കുറിച്ച് നിങ്ങൾ കൊടുത്ത ആ അഴകൊഴമ്പൻ വാർത്തയുണ്ടല്ലൊ ജന്മഭൂമി അതിനെ വഴിയരികിൽ കിടക്കുന്ന ‘ചാണകത്തെയെന്നപോലെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച് കടന്നു പോകും എന്നെ അറിയുന്ന കേരളീയർ. എന്റെ നിലപാടുകളെ അറിയുന്ന കേരളീയർ

നിലപാടുകളിൽ കാലിടറാതെ..

കനക ദുർഗ.കെ