LiveTV

Live

Kerala

കെ.പി.സി.സിയുടെ ജംബോ ഭാരവാഹി പട്ടികക്കെതിരെ ഡി.സി.സി പ്രസിഡന്‍റുമാര്‍

ഡി.സി.സിയിൽ ഉണ്ടാക്കിയ ജംബോ പട്ടിക കമ്മറ്റി തന്നെ പ്രവർത്തനരഹിതം ആയിരുന്നു എന്ന് പല പ്രസിഡന്‍റുമാരും അഭിപ്രായപ്പെട്ടു.

കെ.പി.സി.സിയുടെ ജംബോ ഭാരവാഹി പട്ടികക്കെതിരെ ഡി.സി.സി പ്രസിഡന്‍റുമാര്‍

കെ.പി.സി.സിയുടെ ജംബോ ഭാരവാഹി പട്ടികക്കെതിരെ ഡി.സി.സി പ്രസിഡന്‍റുമാര്‍. ജംബോ പട്ടിക ഒഴിവാക്കണമെന്ന് ഡി.സി.സി പ്രസിഡൻറുമാർ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കേരള കോൺഗ്രസിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും ആവശ്യം. കെ.പി.സി.സി വിളിച്ചുചേർത്ത യോഗത്തിലാണ് ഡി.സി.സി പ്രസിഡൻറ് മാർ അഭിപ്രായങ്ങൾ അറിയിച്ചത്.

കെ.പി.സി.സി ഭാരവാഹി പട്ടികകെതിരെ പൊതുവേ ഉയർന്ന വിമർശനങ്ങൾക്കൊപ്പം നിൽക്കുകയാണ് സംസ്ഥാനത്തെ എല്ലാ ഡി.സി.സി പ്രസിഡന്‍റുമാരും. കെ.പി.സി.സി പ്രസിഡൻറ് വിളിച്ചുചേർത്ത യോഗത്തിൽ കെ.പി.സി.സിയുടെ ജംബോ പട്ടികക്ക് എതിരെ ഡി.സി.സി പ്രസിഡൻറ് മാർ ഒരേ ശബ്ദത്തിലാണ് വാദിച്ചത്. ഡി.സി.സിയിൽ ഉണ്ടാക്കിയ ജംബോ പട്ടിക കമ്മറ്റി തന്നെ പ്രവർത്തനരഹിതം ആയിരുന്നു എന്ന് പല പ്രസിഡന്‍റുമാരും അഭിപ്രായപ്പെട്ടു.

വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നായിരുന്നു കെ.പി.സി.സി നേതൃത്വം നൽകിയ മറുപടി. കേരള കോൺഗ്രസ് തർക്കം പരിഹരിക്കണമെന്നായിരുന്നു ഡി.സി.സി പ്രസിഡൻറ് മാർ ഉന്നയിച്ച മറ്റൊരു ആവശ്യം. ഒരുമിപ്പിക്കാൻ പറ്റുമെങ്കിൽ കേരള കോൺഗ്രസുകളെ ഒന്നായി നിലനിർത്തണം. അതിന് കഴിഞ്ഞില്ലെങ്കിൽ 2 പാർട്ടികളായി യു.ഡി.എഫിൽ തുടരാൻ അവസരം നൽകണം. നിലവിലെ അവസ്ഥ തുടരുന്നത് യു.ഡി.എഫിന്‍റെ എല്ലാ സാധ്യതകളെയും അടച്ചു കളയും എന്നും കോട്ടയം ഇടുക്കി ഡി.സി.സി പ്രസിഡൻറ് മാർ മുന്നറിയിപ്പുനൽകി. കോന്നിയിലെ തോൽവി സംബന്ധിച്ച വിമർശനങ്ങൾക്കുള്ള മറുപടിയും പത്തനംതിട്ട ഡി.സി.സി പ്രസിഡണ്ട് യോഗത്തിൽ നൽകി. കോന്നിയിൽ സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥി ആയിരുന്നുവെന്നും താൻ പോലും തെരഞ്ഞെടുപ്പ് ഏകോപനത്തിന് പുറത്തായിരുന്നു എന്നും ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ ക്കായി ഒരുക്കങ്ങൾ നടത്താനും ഡി.സി.സി പ്രസിഡണ്ടുമാരുടെ യോഗത്തിൽ തീരുമാനമായി.