വടകര എസ്.ഐ വര്‍ഗീയവാദി, പൊലീസിന് തിരിച്ചടി കിട്ടുമെന്ന് സി.പി.എം നേതാവ്
പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് നടത്തിയ മാര്‍ച്ചിലാണ് സി ഭാസ്കരന്റെ വിവാദ പരാമര്‍ശം
വടകര എസ്.ഐയെ വര്‍ഗീയവാദിയെന്ന് വിളിച്ച് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്കരന്റെ പ്രസംഗം. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് നടത്തിയ മാര്‍ച്ചിലാണ് സി ഭാസ്കരന്റെ വിവാദ പരാമര്‍ശം. പൊലീസിന് തിരിച്ചടി കിട്ടുമെന്നും പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
തോടന്നൂര്‍ ഉപജില്ലാ കലോത്സവുമായി ബന്ധപ്പെട്ട് ആയഞ്ചേരിയിലുണ്ടായ സംഘര്‍ഷത്തില്‍പ്പെട്ട സി.പി.എം പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് സി.പി.എം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് സി.പി.എം പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രശ്നം പറഞ്ഞു തീര്‍ത്തതാണെങ്കിലും പോലീസ് വേട്ടയാടല്‍ തുടരുന്നുവെന്നാണ് ആരോപണം. എസ്.ഐയെ അസഭ്യം പറഞ്ഞും മുന്നറിയിപ്പ് നല്‍കിയുമാണ് ഭാസ്കരന് മാര്‍ച്ചില്‍ സംസാരിച്ചത്. എന്നാല്‍ മദ്യപിച്ചെത്തി കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയവരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.