LiveTV

Live

Kerala

ഷാഫി പറമ്പില്‍ എം.എല്‍.എയെ പൊലീസ് മര്‍ദിച്ച സംഭവം: സഭ ഇന്നും പ്രക്ഷുബ്ധമാകും, സ്പീക്കറുടെ ഡയസില്‍ കയറിയ എം.എല്‍.എമാര്‍ക്കെതിരെ നടപടിയുണ്ടാകും

പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതെ സഭാ നടപടികളുമായി സഹകരിക്കേണ്ടന്നാണ് യു.ഡി.എഫ് തീരുമാനം. സ്പീക്കറുടെ ഡയസിൽ കയറിയ എം.എല്‍.എമാർക്കെതിരായ നടപടിയും ഇന്ന് സഭയിൽ പ്രഖ്യാപിക്കും.

ഷാഫി പറമ്പില്‍ എം.എല്‍.എയെ പൊലീസ് മര്‍ദിച്ച സംഭവം: സഭ ഇന്നും പ്രക്ഷുബ്ധമാകും, സ്പീക്കറുടെ ഡയസില്‍ കയറിയ എം.എല്‍.എമാര്‍ക്കെതിരെ നടപടിയുണ്ടാകും

ഷാഫി പറമ്പിൽ എം.എൽ.എക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിപക്ഷം ഇന്നും നിയമസഭയിൽ പ്രതിഷേധം തുടരും. പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതെ സഭാ നടപടികളുമായി സഹകരിക്കേണ്ടന്നാണ് യു.ഡി.എഫ് തീരുമാനം. സ്പീക്കറുടെ ഡയസിൽ കയറിയ എം.എല്‍.എമാർക്കെതിരായ നടപടിയും ഇന്ന് സഭയിൽ പ്രഖ്യാപിക്കും.

കെ.എസ്‌.യു മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ ഷാഫി പറമ്പിൽ എം.എൽ.എക്ക് പരിക്കേറ്റ സംഭവം ഇന്നലെയും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് എം.എൽ.എമാർ കയറുന്നതുവരെ പ്രതിഷേധമുയർന്നു. എം.എൽ.എക്ക് മർദ്ദനമേറ്റത് ഉൾപ്പെടെ പൊലീസ് നടപടിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തിക്കൊണ്ടുള്ള അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇത് സർക്കാർ അംഗീകരിക്കുന്നതുവരെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനുള്ള സാധ്യത കുറവാണ്. ഇന്നും പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തും.

ഇന്ന് കൂടി മാത്രം ആണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. അതിനിടെ കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിലേക്ക് കയറിയ അൻവർ സാദത്ത്, റോജി എം ജോൺ, ഐ.സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെയുള്ള നടപടിയും സ്പീക്കർ ഇന്ന് സഭയിൽ പ്രഖ്യാപിക്കും. താക്കീതിലോ ശാസനയിലോ നടപടി പരിമിതപ്പെടുത്താനാണ് സാധ്യത. ഡയസിൽ കയറിയ എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യവും ഭരണപക്ഷത്ത് നിന്ന് ഉയർന്നിട്ടുണ്ട്. അതേസമയം എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഇന്ന് ഷാഫി പറമ്പലിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കും.