LiveTV

Live

Kerala

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം; വാഗണ്‍ ദുരന്തത്തിന് 98 വയസ്

തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്കുവാഗണില്‍ കുത്തിനിറച്ചുകൊണ്ടുപോയ 64 തടവുകാരാണ് അന്ന് ശ്വാസം മുട്ടി മരിച്ചത്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായം; വാഗണ്‍ ദുരന്തത്തിന്  98 വയസ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമായ വാഗണ്‍ ദുരന്തത്തിന് ഇന്ന് 98 വയസ്. മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് വാഗണ്‍ ട്രാജഡി. തിരൂരില്‍ നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്കുവാഗണില്‍ കുത്തിനിറച്ചുകൊണ്ടുപോയ 64 തടവുകാരാണ് അന്ന് ശ്വാസം മുട്ടി മരിച്ചത്.

ബ്രിട്ടിഷുകാര്‍ക്കും അവര്‍ക്ക് കുട പിടിച്ച നാട്ടുപ്രമാണികള്‍ക്കുമെതിരെ പടപൊരുതിയ മലബാറിലെ മാപ്പിളമാര്‍. അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ എന്ത് നിഷ്ഠൂരമാര്‍ഗവും സ്വീകരിച്ചു. അതിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് വായു ശ്വസിക്കാനാകാതെ പിടഞ്ഞു മരിച്ച 64 പേരുടെ മൃതദേഹം കൂടിയാണ്.

1921 നവംബര്‍ 20, വെള്ളപ്പട്ടാളവും കൂട്ടാളികളും നരനായാട്ട് നടത്തി പിടികൂടിയ തടവുകാരെ അടച്ചിട്ട ചരക്കുവണ്ടികളില്‍ ജയിലുകളിലേക്കയച്ചു. കാറ്റും വെളിച്ചവും കടക്കാത്ത സാമാനവണ്ടികളില്‍ പലപ്പോഴായി ഏകദേശം 300 മാപ്പിളത്തടവുകാരെ മിലിട്ടറി ക്യാമ്പുകളിലെത്തിച്ചതായി വാഗണ്‍ ട്രാജഡി വിചാരണവേളയില്‍ തെളിഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം സമരക്കാരെ 32 തവണയായി ആന്തമാനിലേക്കും കോയമ്പത്തൂരിലേക്കും പലഘട്ടങ്ങളില്‍ നാടുകടത്തി. കേണല്‍ ഹംഫ്രിബ്, സ്‌പെഷ്യല്‍ ഓഫിസര്‍ ഇവാന്‍സ്, ജില്ലാ പട്ടാള മേധാവി ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് മലബാറിനെ വരുതിയിലാക്കാന്‍ കളം നിറഞ്ഞവര്‍. നവംബര്‍ 10 മുതല്‍ നാടിന്റെ നാനാ ഭഗത്തു നിന്നും മലബാര്‍ കലാപത്തിന്റെ പേരില്‍ നിരവധി പോരാളികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. മലബാറിലെ ജയിലുകള്‍ നിറഞ്ഞുകവിഞ്ഞു. അധിക പേരെയും കള്ളക്കേസ് ചമച്ചായിരുന്നു പോലീസ് പിടികൂടിയത്. പുലാമന്തോള്‍ പാലം പൊളിച്ചെന്നായിരുന്നു വാഗണിലടച്ചവരില്‍ ചുമത്തിയ കുറ്റം.

നവംബര്‍ 20ന് കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എം.എസ്.ആന്റ് എം.റെയില്‍വേയുടെ 1711-ആം നമ്പര്‍ വാഗണില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോയമ്പത്തൂര്‍ക്ക് അയച്ചു. വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാത്ത മണിക്കൂറുകള്‍. തിരൂര്‍ സ്റ്റേഷന്‍ വിട്ടപ്പോള്‍ തന്നെ ദാഹിച്ചുവരണ്ടും പ്രാണവായുവിനായും മരണവെപ്രാളം തുടങ്ങി. ആ നിലവിളികളൊന്നും കാവല്‍ പൊലീസ് വകവെച്ചില്ല. വണ്ടി ഷൊര്‍ണ്ണൂരും ഒലവക്കോട്ടും അല്‍പസമയം നിര്‍ത്തി. അപ്പോഴും ആ ദീനരോദനം പട്ടാളം കേട്ടതായി നടിച്ചില്ല . പുലര്‍ച്ചെ തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി, വാഗണ്‍ തുറന്നപ്പോള്‍ കണ്ടത് മരണ വെപ്രാളത്തില്‍ പരസ്പരം മാന്തിപൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചു കിടന്ന 64 മൃതദേഹമാണ്.

അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി . മലബാർ സ്പെഷ്യൽ കമ്മീഷ്‍ണർ എ . ആർ. നാപ്പ് ചെയർമാനും മദിരാശി റിട്ടേർഡ് പ്രസിഡൻസി മജിസ്ട്രേറ്റ് അബ്ബാസ്സ് അലി , മണ്ണാർക്കാട്ടെ കല്ലടി മൊയ്തു ,അഡ്വ.മഞ്ചേരി സുന്തരയ്യർ എന്നിവർ അംഗങ്ങളായ കമ്മിറ്റിക്കായിരുന്നു അന്വേഷണചുമതല. വാഗൺ നിർമ്മിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്പെക്ടറുമാരാണ് കുറ്റക്കാർ എന്നാണ് റിപ്പോർട്ട് വന്നത്. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് റയിൽവേ സർജന്റ് ആൻഡ്രൂസ് , ഒരു പോലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവണ്‍മെന്റ് കേസെടുത്തെങ്കിലും കോടതി രണ്ടുപേരെയും വെറുതെ വിട്ടു.