LiveTV

Live

Kerala

ഒബിസി സംവരണം ലഭിക്കാൻ വരുമാനം കുറച്ച് കാണിച്ചു; തലശേരി സബ്കലക്ടര്‍ക്കെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്, 

ഇതൊന്നും പരിഗണിക്കാതെയാണ് തഹസിൽദാർ വരുമാന സർട്ടിഫിക്കറ്റ് നൽകിയതെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്

ഒബിസി സംവരണം ലഭിക്കാൻ വരുമാനം കുറച്ച് കാണിച്ചു; തലശേരി സബ്കലക്ടര്‍ക്കെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്, 

തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫിനെതിരെ എറണാകുളം കലക്ടർ എസ്. സുഹാസിന്റെ അന്വേഷണ റിപ്പോർട്ട്. സിവിൽ സർവീസ് പരീക്ഷയിൽ ഒബിസി സംവരണം ലഭിക്കാൻ വരുമാനം കുറച്ച് കാണിച്ചു. കലക്ടറുടെ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

പരീക്ഷ എഴുതുന്നതിന് തൊട്ട് മുന്നേയുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ഒരു വർഷം കുടുംബത്തിന്റെ വാർഷിക വരുമാനം 6 ലക്ഷത്തിൽ താഴെയാകണമെന്നതാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ ഒബിസി സംവരണത്തിനുള്ള മാനദണ്ഡം. 2015ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ 215ാം റാങ്ക് ലഭിച്ച ആസിഫ് ആറ് ലക്ഷത്തിൽ താഴെയാണ് വരുമാനമെന്ന് കാട്ടി സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് ഒബിസി സംവരണത്തിൽ ഐ.എ.എസ് ലഭിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് ആസിഫ് വ്യാജരേഖ ചമച്ചുവെന്ന ഒരു പരാതി ലഭിച്ചു. ഈ പരാതി കേന്ദ്ര പേഴ്സണൽ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം എറണാകുളം കളക്ടർ നടത്തിയ പരിശോധനയിലാണ് വരുമാനം കുറച്ച് കാണിച്ചതായി വ്യക്തമായത്.

വാർഷിക വരുമാനം ഒരു ലക്ഷത്തി എൺപതിനായിരം രൂപയെന്ന് ആസിഫ് പറഞ്ഞ വർഷം 21 ലക്ഷത്തിന് മുകളിലാണ് വരുമാനം. 2013 -2014 സാമ്പത്തിക വർഷത്തിൽ 23 ലക്ഷത്തിന് മുകളിലും 2014-2015 സാമ്പത്തിക വർഷത്തിൽ 28 ലക്ഷത്തിന് മുകളിലുമാണ് ആസിഫിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം. ഇതൊന്നും പരിഗണിക്കാതെയാണ് തഹസിൽദാർ വരുമാന സർട്ടിഫിക്കറ്റ് നൽകിയതെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ചീഫ് സെക്രട്ടറി റിപ്പോർട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കൈമാറിയതിന് ശേഷമാകും തുടർനടപടി.