യാത്രക്കാരെ ഓടിച്ചിട്ടുള്ള ഹെല്‍മറ്റ് വേട്ട വേണ്ടെന്ന് കോടതി
റോഡിന് നടുവില്‍ ഇറങ്ങി നിന്ന് ബൈക്ക് യാത്രക്കാരെ തടയുന്നത് അപകടങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ട്

ഇരുചക്ര വാഹനത്തിലെ യാത്രക്കാരെ ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. നിയമലംഘകരെ കണ്ടെത്താന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശം നല്കി.
മലപ്പുറം രണ്ടത്താണിയില്‍ ഹെല്‍മറ്റ് വേട്ടക്കിടെ ബൈക്കിലെത്തിയ യുവാക്കള്‍ ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാനമായ നീരീക്ഷണങ്ങള്‍.
ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ ഓടിച്ചിട്ട് പിടിക്കുന്ന രീതി ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കണം. പകരം സി.സി.ടി.വി കാമറകള്‍, മൊബൈല്‍ കാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിയമലംഘകരെ കണ്ടെത്താന്‍ ഉപയോഗിക്കണം.
റോഡിന് നടുവില്‍ ഇറങ്ങി നിന്ന് ബൈക്ക് യാത്രക്കാരെ തടയുന്നത് അപകടങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ട്. 2102ല്‍ ഡി.ജി.പി തന്നെ ഹെല്‍മറ്റ് പരിശോധന സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ പ്രകാരം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരിശോധന നടത്താമെന്നാണ്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കിയിട്ടില്ല.
അതിനാല്‍ എത്രയും വേഗം സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിചാരണ കോടതി പരിഗണിക്കട്ടെയെന്നും വ്യക്തമാക്കി.