LiveTV

Live

Kerala

ക്വാറി ഉടമയുടെ പരാതിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍റെ വീടും സ്ഥലവും അറ്റാച്ച് ചെയ്തു

ക്വാറി ഉടമയുടെ പരാതിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍റെ വീടും സ്ഥലവും അറ്റാച്ച് ചെയ്തു

ക്വാറി ഉടമ നല്‍കിയ പരാതിയില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍റെ വീടും സ്ഥലവും കോഴിക്കോട് അഡീഷണല്‍ സബ് കോടതി അറ്റാച്ച് ചെയ്തു. കോഴിക്കോട് തോട്ടുമുക്കത്ത് പ്രവര്‍ത്തിക്കുന്ന പാലക്കല്‍ ക്വാറിയുടെ ഉടമസ്ഥന്‍ പി.എം അബൂബക്കര്‍ നല്‍കിയ മാനനഷ്ടക്കേസിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. 28 ലക്ഷം രൂപ ഈടാക്കുന്നതിന് വേണ്ടി തോട്ടുമുക്കം സ്വദേശി കെ ബാലകൃഷ്ണന്റെ 37 സെന്റ് സ്ഥലവും വീടും അറ്റാച്ച് ചെയ്തതായുള്ള ഉത്തരവ് നവംബര്‍ ഏഴിനാണ് പുറപ്പെടുവിച്ചത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കോടതി ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി ഉത്തരവ് നല്‍കിയപ്പോഴാണ് പരിസ്ഥിതി പ്രവര്‍ത്തകനും കര്‍ഷകനുമായ കെ ബാലകൃഷ്ണന്‍ വീട് അറ്റാച്ച് ചെയ്ത വിവരമറിയുന്നത്. വീടിന് സമീപത്തുള്ള പാലക്കല്‍ ക്വാറിയുടെ ഉടമസ്ഥന്‍ പി.എം അബൂബക്കറാണ് വീട് അറ്റാച്ച് ചെയ്യാനുള്ള അവകാശം നേടിയെടുത്തത്. ക്വാറിയില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ നിരന്തരം പ്രതികരിച്ചിരുന്നയാളാണ് ബാലകൃഷ്ണന്‍.

വീടും സ്ഥലവും ഏറ്റെടുക്കുന്നതിന് കാരണമാകുന്ന തരത്തിലുള്ള ഒരു കേസ് പോലും തന്റെ പേരിലുള്ളതായി അറിയില്ലെന്ന് ബാലകൃഷ്ണന്‍ പറയുന്നു. നടപടികള്‍ക്ക് മുന്നോടിയായി കോടതിയുടെ ഭാഗത്ത് നിന്ന് ഒരു നോട്ടീസ് പോലും കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കോടതിയില്‍ നിന്ന് മറിച്ചൊരു വിധി സമ്പാദിക്കുന്നത് വരെ വില്‍ക്കാനെന്നല്ല, സ്വന്തം ഭൂമി പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ പോലും ബാലകൃഷ്ണന് കഴിയില്ല. ഈ കേസ് 22ആം തിയ്യതി കോടതി പരിഗണിക്കും. ഹൈക്കോടതിയെ സമീപിക്കാന്‍ ബാലകൃഷ്ണന്‍ തീരുമാനിച്ചിട്ടുണ്ട്.