LiveTV

Live

Kerala

ഡി.ജി.പിയുടെ ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടു; പൊലീസുകാർക്ക് നില്‍പ്പ് ശിക്ഷ

ഡി.ജി.പിയുടെ ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടു;  പൊലീസുകാർക്ക് നില്‍പ്പ് ശിക്ഷ

സംസ്ഥാന പൊലീസ് മേധാവിയുടെ ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടതിന് പൊലീസുകാർക്ക് ശിക്ഷ. നാല് അസിസ്റ്റന്റ് കമ്മീഷണർമാർക്കും രണ്ടു സർക്കിൾ ഇൻസ്പെക്ടർമാർക്കുമാണ് അർധരാത്രി വരെ നിൽപ്പ് ശിക്ഷയും ശകാരവും ലഭിച്ചത്. അസോസിയേഷൻ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കഴക്കൂട്ടത്ത് നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് വരികയായിരുന്നു ഡി.ജി.പിയുടെ ഭാര്യ. ഇതിനിടെ ഗവർണറുടെ വാഹനം കടന്നുപോകാനായി ബൈപ്പാസിലും പേട്ട - ചാക്ക റോഡിലും 10 മിനിട്ടോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസ് മേധാവിയുടെ ഭാര്യയും കുരുക്കിൽപ്പെട്ടു. പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ ട്രാഫിക്ക് നോർത്ത് സോൺ അസിസ്റ്റന്റ് കമീഷണർ, സൗത്ത് സോൺ അസിസ്റ്റന്റ് കമ്മീഷണർ, സിറ്റി പൊലീസിലെ തന്നെ മറ്റു രണ്ടു അസിസ്റ്റന്റ് കമ്മീഷണർമാർ, രണ്ടു സർക്കിൾ ഇൻസ്പെക്ടർമാർ എന്നിവരോട് പൊലീസ് ആസ്ഥാനത്ത് എത്താൻ നിർദേശം നൽകുകയായിരുന്നു.

ഗതാഗത കുരുക്ക് പരിഹരിക്കാൻ അറിയില്ലെങ്കിൽ ജോലി നിര്‍ത്തി പോകാൻ ഡി.ജി.പി ശാസിച്ചതായാണ് വിവരം. പ്രോട്ടോകോൾ പ്രകാരം ആണ് വാഹനങ്ങൾ നിയന്ത്രിച്ചു ഗവർണറുടെ വാഹനം കടന്നു പോകാൻ വഴിയൊരുക്കിയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഗതാഗത കുരുക്ക് ഉണ്ടാക്കിയത്തിന് അർധരാത്രി വരെ ആറ് ഉദ്യോഗസ്ഥർക്കും ഡി.ജി.പി നിൽപ് ശിക്ഷ നൽകിയതായി പറയുന്നു. രാത്രിയിൽ സംഭവം അറിഞ്ഞ പൊലീസ് ഓഫീസർമാരുടെ സംഘടനാ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച ശേഷമാണ് ആറ് ഉദ്യോഗസ്ഥർക്കും ശിക്ഷയിൽ ഇളവ് ലഭിച്ചത്.