LiveTV

Live

Kerala

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ ചങ്ങാത്തമുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത്. പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും മോഹനന്‍ പറഞ്ഞു.

കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളന വേദിയിലാണ് പി.മോഹനന്റെ ആരോപണം. എന്‍.ഡി.എഫുകാര്‍ക്കും മറ്റ് ഇസ്ലാമിക മതമൌലിക ശക്തികള്‍ക്കും എന്തൊരു ആവേശമാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനെന്നും മോഹനന്‍ ആരോപിച്ചു.

സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. അതിന്റെ ഫലമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായ വിജയം. എന്നാല്‍ ഇതിന് തടയിടാനാണ് ഇപ്പോഴത്തെ ശ്രമമെന്നും മോഹനന്‍ പറഞ്ഞു.

എന്നാല്‍ പി.മോഹനന്റെ പരാമര്‍ശം യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനെന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ധീഖ് പറഞ്ഞു. യുഎപിഎ ചുമത്തിയതിനും മാവോയിസ്റ്റ് വേട്ടയിലും സി.പി.എമ്മിനുളളില്‍ രൂക്ഷമായ വിമര്‍ശനമുണ്ടായി. സംഭവത്തില്‍ പിബിയും മുഖ്യമന്ത്രിയെ വിമര്‍ശിച്ചു . ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കാനാണ് മോഹനന്റെ പ്രസ്താവനയെന്നും സിദ്ധീഖ് പറഞ്ഞു.

മാവോയിസറ്റ് ബന്ധമുള്ള സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസിന്റെ പേരില്‍ മുസ്‍ലിം സംഘടനകള്‍ക്കെതിരെ ആരോപണമുന്നയിച്ചതിനെതിരെ യു.ഡി.എഫ് നേതാക്കള്‍ രംഗത്തെത്തി. മാവോയിസ്റ്റുകളുടെ അഭയ കേന്ദ്രമായി മാറിയ സി.പി.എം സ്വന്തം പ്രതിസന്ധി മറച്ചുവക്കാനാണ് ആരോപണം ഉന്നയിക്കുന്നതെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. എന്നാല്‍ പി .മോഹനന്റെ പ്രസ്താവനയെ പിന്തുണച്ച ബി.ജെ.പി നേതാക്കള്‍ സി.പി.എം ആരോപണം ആവര്‍ത്തിച്ചു.