LiveTV

Live

Kerala

പുരപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബിയെന്ന് സതീശന്‍; സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി സഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്

ധനകാര്യ മാനേജ്മെന്റിലെ പോരായ്മയും അനാവശ്യ ധൂർത്തും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചുവെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി സതീശന്‍ ആരോപിച്ചു

 പുരപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബിയെന്ന് സതീശന്‍; സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി സഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. ധനകാര്യ മാനേജ്മെന്റിലെ പോരായ്മയും അനാവശ്യ ധൂർത്തും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചുവെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി സതീശന്‍ ആരോപിച്ചു. പുരപ്പുറത്ത് ഉണക്കാനിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് സമ്മതിച്ച തോമസ് ഐസക്, അത് പക്ഷേ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ലെന്നും പറഞ്ഞു. ഓരോ വര്‍ഷവും 16 ശതമാനം ചെലവ് വര്‍ധിക്കുന്നുണ്ടെന്നും അതെങ്ങനെ ധൂര്‍ത്താകുമെന്നും ഐസക് ചോദിച്ചു. നികുതി നഷ്ടപരിഹാരം നൽകാത്ത, വായ്പ പരിധി കുറച്ച കേന്ദ്രത്തെ എന്താണ് പ്രതിപക്ഷം കുറ്റം പറയാത്തതെന്നും ധനമന്ത്രി ചോദിച്ചു.

അതേസമയം യു.ഡി.എഫ് കാലത്ത് എസ്റ്റിമേറ്റ് പുതുക്കിയ എല്ലാ പദ്ധതികളും പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു‍. യു.ഡി.എഫ് കാലത്തെ പല പ്രവർത്തികളും പാലാരിവട്ടം പാലം പോലെയാണെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് പിണറായിയും ഐസകും വെല്ലുവിളിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് മറുപടി പറഞ്ഞു.

യു.ഡി.എഫ് കാലത്തെ മന്ത്രിസഭ തീരുമാനങ്ങൾ പരിശോധിക്കാൻ ഉപസമിതിയെ നിയോഗിച്ചിട്ട് എന്തായെന്നും ചെന്നിത്തല ചോദിച്ചു.