കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം: ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്
തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മര്‍ദിച്ചെന്നും എം.എല്‍.എ പറഞ്ഞു. സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം കാട്ടിയതെന്ന് എം.എല്‍.എ വിമര്‍ശിച്ചു.
കെ.എസ്.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു. പൊലീസ് ഗ്രനേഡും കണ്ണീര് വാതകവും പ്രയോഗിച്ചു.
കേരള യൂനിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനത്തിന് ശേഷമാണ് അക്രമാസക്തമായത്. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞു പോകാതിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്റെ ഗ്രനേഡ്. കണ്ണീര്‍വാതക പ്രയോഗം. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എം.ജി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റാനായി പൊലീസ് ശ്രമം.
കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിതിനെ അറസ്റ്റ് ചെയ്ത വണ്ടി കെ.എസ്.യു പ്രവര്‍ത്തകര്‍ തടഞ്ഞതോടെ ലാത്തിചാര്ജായി. അഭിജിതിനെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഇതിനിടയെയാണ് ഷാഫി പറമ്പിലിന് ലാത്തിയടിയേറ്റത്. ഷാഫിയുടെ തല പൊട്ടി രക്തമൊലിച്ചു. കൂടുതല്‍ പ്രകോപിതരായ പ്രവര്‍ത്തകരെ പരിക്കേറ്റ ഷാഫി തന്നെ അറസ്റ്റ് വരിക്കാന്‍ പ്രേരിപ്പിച്ചു.
പരിക്കേറ്റ ഷാഫിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയതോടെ പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭ ബഹിഷ്കരിച്ച് പൊലീസ് ക്യാന്പിലെത്തി. എം.എല്‍.എമാരെത്തിയാണ് ഷാഫിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. ഷാഫിക്ക് തലയില്‍ രണ്ട് തുന്നലുണ്ട്. തലയില്‍ സാരമായ പരിക്കേറ്റ അഭിജിതനെ സ്കാനിങിന് ശേഷം ഒബ്സര്‍വേഷന്‍ വാര്‍ഡിലാക്കി.