LiveTV

Live

Kerala

വിവാദ പ്രസ്താവന: സി.പി.എമ്മിനും പി മോഹനനുമെതിരെ സമസ്തയും കാന്തപുരം വിഭാഗവും

അലനും ഷുഹൈബും ഇസ്‍ലാമിക ഭീകരവാദികളാണെന്ന് സി.പി.എം പറയാതെ പറയുകയാണെന്നും പാര്‍ടി അതിന്റെ ബ്രാഹ്മണിക്കല്‍ സ്വഭാവത്തിലേക്ക് ഉള്‍വലിയുകയാണെന്നും

വിവാദ പ്രസ്താവന: സി.പി.എമ്മിനും പി മോഹനനുമെതിരെ സമസ്തയും കാന്തപുരം വിഭാഗവും

മാവോയിസ്റ്റുകള്‍ മുസ്‍ലിം തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനവുമായി സമസ്തയും കാന്തപുരം ഗ്രൂപ്പും രംഗത്ത്.

കമ്മ്യൂണിസ്റ്റ് തീവ്രവാദത്തെ ഇസ്ലാമിന്റെ പേരില്‍ കെട്ടിവെക്കരുതെന്ന് എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചു.

കോഴിക്കോട്ടെ മാവോയിസ്റ്റ് അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍ സ്വയം രക്ഷപ്പെടാന്‍ അതിനെ ഇസ്‍ലാമിന്റെ പേരില്‍ സി.പി.എം കെട്ടിവെക്കരുത്. മാവോയിസ്റ്റുകളുമായി ബന്ധമുള്ള മുസ്‍ലിം സംഘടനകളുടെ പേര് സി.പി.എം വ്യക്തമാക്കണം. മതനിമയങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും തീവ്രസ്വഭാവക്കാരുടെ മാവോയിസ്റ്റ് ബന്ധത്തെ ഇസ്ലാമുമായി ചേര്‍ത്ത് പറയുന്നതില്‍ ദുരൂഹതയുണ്ട്.

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം മുസ്‍ലിം സമുദായം ഏറ്റെടുക്കണമോ എന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

അലനും ഷുഹൈബും ഇസ്‍ലാമിക ഭീകരവാദികളാണെന്ന് സി.പി.എം പറയാതെ പറയുകയാണെന്നും പാര്‍ടി അതിന്റെ ബ്രാഹ്മണിക്കല്‍ സ്വഭാവത്തിലേക്ക് ഉള്‍വലിയുകയാണെന്നും കാന്തപുരം വിഭാഗത്തിലെ പ്രമുഖ ബുദ്ധിജീവി മുഹമ്മദലി കിനാലൂര്‍ പ്രതികരിച്ചു.

ഇസ്‍ലാമോഫോബിക് ആയ പ്രസ്താവനയാണ് സി.പി.എം നടത്തിയത്. ഇസ്‍ലാമിക ഭീകരവാദം കേരളത്തില്‍ ശക്തമാണെന്ന സംഘപരിവാര്‍ വാദം പി.മോഹനന്‍ മാസ്റ്റര്‍ ഏറ്റുപറയുകയാണ്.

ഭീകരവാദത്തിന് മതമുണ്ടെങ്കില്‍ മാവോയിസത്തിന് മാര്‍ക്‌സിസ്റ്റ് ഭീകരവാദം എന്നല്ലേ പറയേണ്ടത്. എ വിജയരാഘവന്‍ വിമര്‍ശിക്കപ്പെട്ടത് പോലെ പി.മോഹനന്‍ മാസ്റ്ററും വിമര്‍ശിക്കപ്പെടേണ്ടതുണ്ടെന്നും മുഹമ്മദലി കിനാലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.