LiveTV

Live

Kerala

മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലെന്ന് മുസ്‍ലിം ലീഗ്

അറസ്റ്റ് ചെയ്യപ്പെട്ടത് മുസ്‌ലിം ചെറുപ്പക്കാരായതു കൊണ്ട് മുസ്‌ലിം തീവ്രവാദത്തെ പഴിചാരി രക്ഷപ്പെടാനാണ് മോഹനന്‍ മാസ്റ്റര്‍ ശ്രമിക്കുന്നതെന്ന് കെ.പി.എ മജീദ്

മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലെന്ന് മുസ്‍ലിം ലീഗ്

കോഴിക്കോട്: മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്ന സി.പി.എം നേതാവ് മോഹനൻ മാസ്റ്ററുടെ പ്രസ്താവന കണ്ണടച്ച് ഇരുട്ടാക്കലാണെന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി സ്വന്തം പാർട്ടി അംഗങ്ങൾക്കെതിരെ കേസ് ചുമത്തിയതിലെ കുറ്റബോധം കൊണ്ടാണ് വിഷയം വഴിതിരിച്ചു വിടുന്നതെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി
Also Read

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

അറസ്റ്റ് ചെയ്യപ്പെട്ടത് മുസ്‌ലിം ചെറുപ്പക്കാരായതു കൊണ്ട് മുസ്‌ലിം തീവ്രവാദത്തെ പഴിചാരി രക്ഷപ്പെടാനാണ് മോഹനന്‍ മാസ്റ്റര്‍ ശ്രമിക്കുന്നതെന്നും ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിക്കാൻ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച വണ്ടി ഉപയോഗിച്ച് വിഷയം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിന്റെ മറ്റൊരു രൂപമാണിതെന്നും മജീദ് പ്രസ്താവനയില്‍ പറഞ്ഞു. ആ കേസിൽ പ്രതി ചേർക്കപ്പെട്ട വ്യക്തി കൂടിയാണ് മോഹനൻ മാസ്റ്റർ. യു.എ.പി.എക്ക് എതിരാണെന്ന് പുറമെ പറയുമ്പോഴും ആഭ്യന്തര വകുപ്പ് ഇത്തരം നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ആഭ്യന്തര മന്ത്രി പറഞ്ഞാൽ അനുസരിക്കാത്ത പൊലീസ് ഒരുപക്ഷേ കേരള ചരിത്രത്തിൽ ആദ്യമായിരിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന എല്ലാ സംഘടനകളെയും സമുദായത്തിനകത്തും പുറത്തും പ്രതിരോധിച്ച പാർട്ടിയാണ് മുസ്‌ലിംലീഗെന്നും എന്നാൽ ലീഗിനെതിരാണ് എന്നതുകൊണ്ടു മാത്രം ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നത് എന്നും മജീദ് പറഞ്ഞു. ഇപ്പോൾ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് പാർട്ടി അംഗങ്ങളാണ്. അവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടാനുള്ള തുറന്ന അവസരം സി.പി.എമ്മിലുണ്ടായിരുന്നു എന്നുവേണം കരുതാൻ. മാവോയിസ്റ്റുകളുടെയും തീവ്രവാദികളുടെയും അഭയ കേന്ദ്രമായി സി.പി.എം മാറിയെങ്കിൽ അതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ ആ പാർട്ടിക്ക് കഴിയില്ല. - പ്രസ്താവനയില്‍ പറയുന്നു.

തീവ്രവാദ സ്വഭാവമുള്ളവർക്ക് അംഗത്വം നൽകരുതെന്ന് മെമ്പർഷിപ്പ് വിതരണ സമയത്ത് പാർട്ടി ഘടകങ്ങൾക്ക് സർക്കുലർ നൽകിയ സംഘടനയാണ് മുസ്‌ലിംലീഗെന്നും ഇത്തരം സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചിരുന്നതെന്നും മജീദ് പറഞ്ഞു. മോഹനൻ മാസ്റ്ററുടേത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രസ്താവനയാണെന്നും കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഏത് സംഘടനയുമാണ് തന്റെ പാർട്ടിയിലെ അംഗങ്ങൾ ബന്ധപ്പെട്ടിരുന്നത് എന്നുകൂടി വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറാവണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.