LiveTV

Live

Kerala

150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്: പൊന്നാനി സ്വദേശികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍

വ്യാജ കമ്പനികളുണ്ടാക്കി ബിൽ ട്രേഡിങ് നടത്തിയാണ് തട്ടിപ്പ്.

150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്: പൊന്നാനി സ്വദേശികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് വൻ ജി.എസ്.ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. പ്രതികളുടെ വീട്ടിൽ നിന്ന് നിരവധി രേഖകൾ പൊലീസ് പിടിച്ചെടുത്തു.

പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസൽ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്പനികളുണ്ടാക്കി ബിൽ ട്രേഡിങ് നടത്തിയാണ് തട്ടിപ്പ്. കൊട്ടടക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ ഇടപാടുകാരെ സമീപിച്ചിരുന്നത്. ഇടപാടുകാരിൽ നിന്ന് രേഖകൾ വാങ്ങി ജി.എസ്.ടി അക്കൗണ്ട് നിർമ്മിക്കുന്നത് മുതൽ വൻ ആസൂത്രണത്തൊടെയാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.

കേരളത്തിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഇതര സംസ്ഥാനത്തിലെ ജി.എസ്.ടി ഉള്ള ഒരു സ്ഥാപനത്തിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ബില്ല് അടിക്കും. ഉത്പന്നം കയറ്റി അയക്കുന്നതായാണ് ബില്ലടിക്കുക. എന്നാലിത് ബില്ല് മാത്രമാണ്. ഒന്നും കയറ്റി അയക്കുന്നില്ല. എന്നിട്ട് ജി.എസ്.ടി ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യും.

ജി.എസ്.ടി തുക അടയ്ക്കാതായതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരാതിക്കാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്. തുടർന്നാണ് ഇവർ പൊലീസിനെ സമീപിച്ചത്. സമാനരീതിയിൽ വഞ്ചിക്കപ്പെട്ട കൂടുതൽ പേർ പരാതിയുമായി എത്തുന്ന പക്ഷം സമഗ്ര അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.