LiveTV

Live

Kerala

അനാവശ്യ ചെലവും ധൂര്‍ത്തുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് ധനമന്ത്രി

കേരളത്തിലെ സാമ്പത്തികരംഗം പൂർണ്ണമായും താറുമായെന്നും വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചുവെന്നും അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആരോപിച്ചു

അനാവശ്യ ചെലവും ധൂര്‍ത്തുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്  സമ്മതിച്ച് ധനമന്ത്രി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് നിയമസഭയില്‍ സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. അനാവശ്യ ചെലവും ധൂര്‍ത്തുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേരളത്തിലെ സാമ്പത്തികരംഗം പൂർണ്ണമായും താറുമായെന്നും വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചുവെന്നും അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആരോപിച്ചു. കിട്ടാനുള്ള പൈസ പിരിച്ചെടുത്താല്‍ പ്രതിസന്ധി മറികടക്കാം. നികുതി പിരിക്കുന്നതിലും ധൂര്‍ത്ത് നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. കെ.ടി ജലീല്‍ വിചാരിച്ചാല്‍ പോലും ധനവകുപ്പിന് പാസ് മാര്‍ക്ക് കിട്ടില്ലെന്ന് വി.ഡി സതീശൻ പരിഹസിച്ചു.

ഓരോ വർഷവും 16 ശതമാനം ചെലവ് വർധിക്കുന്നുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. യു.ഡി.എഫ് വരുത്തിയ കുടിശ്ശികകള്‍ കൊടുത്തുതീര്‍ത്തതാണോ സർക്കാർ നടത്തിയ ധൂർത്ത് എന്ന് ധനമന്ത്രി ചോദിച്ചു. ജി.എസ്.ടിക്ക് സർവ്വ പിന്തുണയും കൊടുത്ത് അരുൺ ജെയ്റ്റിലിക്ക് കുട പിടിച്ച ആളാണ് തോമസ് ഐസകെന്ന് പ്രതിപക്ഷം മറുപടി നൽകി. ധനമന്ത്രി സ്ഥാനം രാജി വച്ച് ഐസക് കേരളത്തെ രക്ഷിക്കണം. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.