LiveTV

Live

Kerala

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണം: നാലാം പ്രതിയായ യുഡി ക്ലാര്‍ക്ക് കീഴടങ്ങി

മരട് പഞ്ചായത്ത് യുഡി ക്ലാര്‍ക്കായിരുന്ന ജയറാം നായികാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

 മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണം: നാലാം പ്രതിയായ  യുഡി ക്ലാര്‍ക്ക് കീഴടങ്ങി

തീരദേശ പരിപാലന നിയമം ലംഘിച്ചു മരടിൽ ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയെന്ന കേസിലെ നാലാം പ്രതി കോടതിയില്‍ കീഴടങ്ങി. മരട് പഞ്ചായത്ത് യുഡി ക്ലാര്‍ക്കായിരുന്ന ജയറാം നായികാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

നിയമം ലംഘിച്ച് മരടില്‍ ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കാനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് മരട് പഞ്ചായത്ത് മുന്‍ യു.ഡി ക്ലര്‍ക്കായിരുന്ന ജയറാം നായികാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകളും ജയറാമാണ് സൂക്ഷിച്ചിരുന്നത്. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയിരുന്നു. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയ ജയറാം നായികിനെ കോടതി റിമാന്‍ഡ് ചെയ്തു.

അതേസമയം മരടിൽ പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ആദ്യ ഘട്ട സർവേ ഇന്ന് പൂര്‍ത്തിയായി. മുനിസിപ്പൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ മേൽനോട്ടത്തിലാണ് നടപടികൾ. 50 മീറ്റർ പരിധിയിലാണ് ആദ്യ ഘട്ട സർവേ. രണ്ടാം ഘട്ടത്തിൽ സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വീഡിയോയും നഗരസഭാ ചിത്രീകരിക്കും.

ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്ക നാട്ടുകാര്‍ നഗരസഭാ അധികൃതരുമായി പങ്കുവെച്ചു. രണ്ടാം ഘട്ടത്തിൽ സമീപമുള്ള കെട്ടിടങ്ങൾ കൃഷിയിടങ്ങൾ ജലസ്രോതസുകൾ എന്നിവയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാനാണ് പദ്ധതി. 100 മീറ്റർ പരിധിയിൽ ഉള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക.